സഞ്ജയ് ദത്തിനെ ശിക്ഷിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത നടന്‍ മോഹന്‍ലാലിനെതിരെ സൈന്യം അന്വേഷണം ആരംഭിച്ചു

single-img
27 November 2014

mohanlal-in-army-uniformകൊച്ചി: 1993-ലെ മുംബയ് സ്‌ഫോടനക്കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ശിക്ഷിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സൈന്യം അന്വേഷണം ആരംഭിച്ചു. പാലായിലെ മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ് രാഷ്ട്രപതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാഷ്ട്രപതിക്ക് നല്‍കിയ പരാതി അതീവമുന്‍ഗണന നല്‍കി അന്വേഷിക്കും.

കഴിഞ്ഞ 19ന് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ  ഡിസിപ്‌ളിന്‍ ആന്‍ഡ് വിജിലന്‍സ് വിഭാഗം സെക്രട്ടറിയാണ് അന്വേഷണനടപടികള്‍ക്ക് തുടക്കമിട്ടത്. ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി വരെ നേടിയിട്ടുളള മോഹന്‍ലാല്‍ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട സഞ്ജയ്ദത്തിനെ അനുകൂലിച്ചത് നീതിന്യായവ്യവസ്ഥയോടുളള വെല്ലുവിളിയാണെന്നായിരുന്നു രാഷ്ട്രപതിക്ക് അയച്ച പരാതിയിൽ പറയുന്നത്.

സൈന്യത്തിന്റെ ലഫ്.കേണല്‍ പദവി വഹിക്കുന്ന ഒരാള്‍ക്ക് കോടതിനടപടിയെക്കുറിച്ച് പരാമര്‍ശം നടത്താന്‍ സൈനിക നിയമപ്രകാരം അനുവാദവുമില്ല. ഇത് കണക്കിലെടുത്ത് ലഫ്.കേണല്‍പദവിയില്‍ നിന്ന് പുറത്താക്കിയ ശേഷം സൈനിക നിയമപ്രകാരം മോഹന്‍ലാലിനെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്യണമെന്നും രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

കേസിന്റെ തലനാരിഴ കീറി പരിശോധിച്ച ശേഷമുളള കോടതിവിധിയെ പഴിച്ച മോഹന്‍ലാല്‍ സ്‌ഫോടനത്തില്‍ മരിച്ച നിരപരാധികളുടെ ജീവനെക്കുറിച്ച് ഓര്‍ക്കാതെ പോയത് മാതൃരാജ്യത്തോട് ചെയ്ത പാതകമാണെന്നും. ഇക്കാര്യത്തിൽ ഖേദപ്രകടനത്തിന് പോലും തയ്യാറാകാതിരുന്നതിനാലാണ് താരത്തിനെതിരെ
പരാതി നല്‍കിയതെന്ന് എബി.ജെ.ജോസ് പറഞ്ഞു.