ബദായും കേസിലെ അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു ; പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തൽ

single-img
27 November 2014

murderന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത ബദായും കേസിലെ അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. യുപിയിലെ ബദായും ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ കണ്ടെത്തി. പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാവുകയോ കൊലചെയ്യപ്പെട്ടതോ അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

ദളിത് വിഭാഗത്തില്‍പപ്പെട്ട 14 ഉം 15 നും വയസുള്ള സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് കേസ്. കാണാതായ പെണ്‍കുട്ടികളെ തൊട്ടടുത്ത ദിവസം ഗ്രാമത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചതോടെ സംഭവം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ജൂണിലാണ് കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അഞ്ചുമാസം നീണ്ട അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ അവര്‍ എത്തിയത്.

പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുകയൊ കൊല്ലപ്പെടുകയൊ ചെയ്തിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും. മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യം ശരിവച്ചിട്ടുണ്ടെന്ന് സി ബി ഐ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.