വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അസഭ്യം പറഞ്ഞ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന രഞ്ജിനി ഹരിദാസിന്റെ ആവശ്യം കോടതി തള്ളി

single-img
26 November 2014

21-ranjini-haridas1കഴിഞ്ഞ വര്‍ഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍-കസ്റ്റംസ് പരിശോധനയുടെ ക്യൂ തെറ്റിച്ച് മുന്‍നിരയിലെത്തിയതു ചോദ്യംചെയ്തവരെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ ആലുവ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന രഞ്ജിനി ഹരിദാസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് ബി. കെമാല്‍ പാഷ നാലു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കീഴ്‌കോടതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് കോടതി രഞ്ജിനിയെ ഒഴിവാക്കിയിട്ടുണ്ട്.

ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ രഞ്ജിനി 2013 മേയ് 16നു പുലര്‍ച്ചെ 4.30ന് വിമാനവളത്തിലെ ഇമിഗ്രേഷന്‍-കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ നിന്ന് ഇടിച്ചുകയറി മുന്‍നിരയിലേക്കു നീങ്ങിയപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യാത്രക്കാരി കോട്ടയം സ്വദേശി കൊച്ചുറാണി ജോര്‍ജ് ഈ നടപടിയെ ചോദ്യം ചെയ്തുവെന്നും അതിന്റെ പേരില്‍ രഞ്ജിനി അവരെ അസഭ്യം പറഞ്ഞുവെന്നുമാണു കേസ്.