ശമ്പളംപോലും കൊടുക്കാതെ കിന്‍ഫ്രയിലെ സ്വകാര്യ കമ്പനി പുറത്താക്കിയ ആദിവാസി യുവാവിനെ സഹപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ ദത്തെടുത്തു

single-img
25 November 2014

Kinfraജോലി ചെയ്ത ശമ്പളം പോലും കൊടുക്കാതെ സ്വകാര്യ കമ്പനി നിര്‍ദ്ദാക്ഷണ്യം പുറത്താക്കിയ യുവാവിനെ സഹതൊഴിലാളികള്‍ ദത്തെടുത്ത് അഭയം നല്‍കി. വയനാട് മാനന്തവാടി സ്വദേശി മഹേഷ് എന്ന ആദിവാസി യുവാവാണ് തന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന പെരുമാതുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാരുണ്യം അനുഭവിക്കുന്നത്.

താന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ശമ്പളം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് മഹേഷ് മറ്റൊരു കമ്പനിയിലേക്ക് മാറുന്ന കാര്യം മാനേജ്‌മെന്റിനെ അറിയിച്ചതാണ് മഹേഷിന്റെ ദുരിത ജീവിതത്തിന് തുടക്കം കുറിച്ചത്. ഇതോടെ മഹേഷിനെ കമ്പനിയില്‍ നിന്നും പുറത്താക്കി. മാത്രമല്ല കാന്റീനിലെ പ്രവേശനവും നിഷേധിക്കുകയായിരുന്നു. മറ്റൊരു വഴിയുമില്ലാതെ താമസസ്ഥലവും ഭക്ഷണവും അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞ യുവാവ് തുമ്പ കടല്‍ത്തീര നിവാസികളുടെ സഹായത്താല്‍ ഒരുനേരം ലഭിക്കുന്ന ഭക്ഷണവും കഴിച്ച ് തുമ്പ കടല്‍ തീരത്ത് അന്തിയുറങ്ങുകയായിരുന്നു.

സംഭവങ്ങള്‍ വൈകിയറിഞ്ഞ മഹേഷിന്റെ സഹതൊഴിലാളികളായ തീരദേശ വാസികളുമായ സുഹൃത്തുക്കള് സഹായിക്കാനെത്തുകയായിരുന്നു. മഹേഷിനെ സുഹൃത്തുക്കള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി അഭയം നല്‍കുകയായിരുന്നു.

സൃഹൃത്തുക്കളുടെ സഹായത്താല്‍ ഒരുമാസത്തെ കരാറില്‍ മറ്റൊരു കമ്പനിയില്‍ മഹേഷ് ജോലിക്കു കയറിയിട്ടുണ്ട്. അത് നാട്ടിലേക്ക് പോകാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണെന്ന് മഹേഷ് പറഞ്ഞു.