പക്ഷിപ്പനി: ആലപ്പുഴയില്‍ മരുന്നെത്തി,മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

single-img
25 November 2014

article-2299110-18EC2CBD000005DC-598_634x393 (1)സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലപ്പുഴയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന പ്രതിരോധ മരുന്നെത്തിച്ചു. 96 കുപ്പി സിറപ്പും 3500-റോളം ഗുളികകളുമാണ് എത്തിച്ചത്. കൂടാതെ ഇന്നുതന്നെ ഹൈദരാബാദില്‍ നിന്ന് 50,000 ത്തോളം ഗുളികകളെത്തിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ മുഴുവന്‍ ചുട്ടുകരിക്കും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും.

ആലപ്പുഴയിലെ അഞ്ചു പഞ്ചായത്തുകളിലെ രണ്ടു ലക്ഷത്തിലധികം താറാവുകളെ കൊല്ലാനും തീരുമാനമെടുത്തു. താറാവ് ഒന്നിന് 37 രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്.എച്ച് -5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സമൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എച്ച്-5എന്‍-1, എച്ച്-5എന്‍-2 തുടങ്ങിയ വൈറസുകളിലേതെങ്കിലുമൊന്നാണ് താറാവുകളെ ബാധിച്ചിരിക്കുന്നതെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന വിവരം.

താറാവുമുട്ടയോ മാംസമോ പാചകം ചെയ്ത് കഴിക്കുന്നതിന് കുഴപ്പമില്ല. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്താല്‍ വൈറസുകള്‍ നശിച്ചുപൊയ്‌ക്കൊള്ളുമെന്നാണു വിദഗ്ധർ പറയുന്നത്