മേല്‍നോട്ടസമിതി ഇന്ന് മുല്ലപ്പെരിയാറിൽ പരിശോധന നടത്തും

single-img
24 November 2014

miസുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി ഇന്ന് മുല്ലപ്പെരിയാറിൽ പരിശോധന നടത്തും. ജലനിരപ്പ് 136 അടിക്കു മുകളിലെത്തിയതിനെ തുടര്‍ന്ന് ഈ മാസം മൂന്നാം തീയതിയാണ് മേല്‍നോട്ട സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്. ജലനിരപ്പ് 140 അടിക്കു മുകളിലെത്തിയപ്പോള്‍, മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിട്ടും അധ്യക്ഷന്‍ വഴങ്ങിയില്ല.

 

കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജലനിരപ്പ് കുറക്കണമെന്ന മേല്‍നോട്ട സമിതി അധ്യക്ഷന്റെ നിര്‍ദ്ദേശം പോലും തമിഴ്‌നാട് അംഗീകരിച്ചില്ല.എന്നിട്ടും തമിഴ്‌നാടിനെതിരെ ചെറുവിരലനക്കാത്ത സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ കേരളം കേന്ദ്ര ജലകമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യമേറുന്നത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലുമുള്ള ചോര്‍ച്ചകള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളും കേരളം ഉന്നയിക്കും.

 

ഒപ്പം കേരളത്തില്‍ നിന്നും പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തമിഴ്‌നാട് തടയുന്നതും ചര്‍ച്ചാ വിഷയമാകും. ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷം ആദ്യമായാണ് സമിതി പരിശോധനയ്‌ക്കെത്തുന്നത്.
ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിയതും, സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ പെരുമാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളും കേരളം യോഗത്തില്‍ ഉന്നയിക്കും.

 

കേന്ദ്ര ജലക്കമ്മീഷനിലെ ചീഫ് എന്‍ജിനീയര്‍ എല്‍.എ.വി നാഥന്‍ ചെയര്‍മാനും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യനും തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി എം. സായികുമാറും അംഗങ്ങളായുള്ള സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്.