ഇന്ത്യയുടെ പ്രതിഷേധത്തെ അവഗണിച്ച് അണക്കെട്ടു നിര്‍മ്മാണവുമായി ചൈന

single-img
24 November 2014

damബെയ്ജിങ്: ഇന്ത്യയുടെ പ്രതിഷേധത്തെ അവഗണിച്ച് അണക്കെട്ടു നിര്‍മ്മാണവുമായി ചൈന. ചൈനയുടെ ടിബറ്റൻ  അധീന പ്രദേശത്തെ ബ്രഹ്മപുത്ര നദിക്കു കുറുകെ ജലവൈദ്യുത പദ്ധതിക്കായുള്ള അണക്കെട്ട് നിര്‍മ്മാണം പുരോഗമിക്കുന്നതായി ചൈന അറിയിച്ചത്. ഇന്ത്യയില്‍ ബ്രഹ്മപുത്ര നദിയെ ടിബറ്റിൽ യാര്‍ലുങ് സാങ്‌ബോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതോടെ ഇന്ത്യയും ബംഗ്ലാദേശുമുള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ മിന്നല്‍ പ്രളയത്തിന്റേയും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണിയിലായി.

നേരത്തെ ചൈനയുടെ ഈ ശ്രമത്തെ ഇന്ത്യ എതിർത്തിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഭീഷണിയാവില്ലെന്നും വൈദ്യുതാവശ്യങ്ങള്‍ക്കായുള്ള ചെറിയ അണക്കെട്ടാണെന്നും ചൈന വിശദീകരണം നല്‍കിയതോടെ ഇന്ത്യയും എതിര്‍പ്പിൽ നിന്നും ഭാഗികമായി പിന്മാറിയിരുന്നു.  ഞായറാഴ്ചയോടെ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച വിവരം ചൈന പരസ്യപ്പെടുത്തുകയായിരുന്നു.

എന്നാല്‍, ഇത്രയും ബൃഹത്തായ അണക്കെട്ടു നിര്‍മാണ പദ്ധതിയുമായാണ് ചൈന മുന്നോട്ടു പോകുന്നതെന്ന് ഇന്ത്യയറിഞ്ഞത് അടുത്തിടെ മാത്രമാണ്. അരുണാചല്‍ പ്രദേശുള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജലമൊഴുക്കിനെ ഇതു ബാധിക്കുമെന്നും ഇന്ത്യയില്‍ മിന്നല്‍ പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്കിതു വഴിവച്ചേക്കാമെന്നും ഭീതിയുയരുന്നത്.

യാര്‍ലുങ് സാങ്‌ബോ നദിയിലെ സമ്പന്നമായ ജലസ്രോതസ് ഉപയോഗിച്ചു കൊണ്ടുള്ള ഈ പദ്ധതി വൈദ്യുത ക്ഷാമത്താല്‍ പൊറുതി മുട്ടുന്ന പ്രദേശങ്ങള്‍ക്ക് ആശ്രയമാകുമെന്ന് ചൈന അവകാശപ്പെട്ടു.

1.5 ബില്ല്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി സമുദ്രനിരപ്പില്‍ നിന്നും 3,300 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത ബാക്കി അഞ്ചു ഘട്ടങ്ങള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ചൈന അറിയിച്ചു.

വൈദ്യുതാവശ്യങ്ങളുടെ പേരില്‍ ബൃഹത് പദ്ധതികളിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് നടപടി വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്.