പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കണമെന്ന് മലപ്പുറം നഗരസഭാ പ്രമേയം

single-img
22 November 2014

Pak_troops_fire19006ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന അനധികൃത നുഴഞ്ഞുകയറ്റത്തിനും ജനവാസ കേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലീം ലീഗ് കൗണ്‍സിലർ കാപ്പില്‍ ഷംസുദീൻ നഗരസഭാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു.നഗരസഭയുടെ പരിധിയില്‍ വരുന്ന ലോക്കല്‍ പ്രശ്നങ്ങളെല്ലാം മാറ്റിവച്ചാണ് കൌണ്‍സിലര്‍ മാര്‍ രാജ്യാന്തര്‍ വിഷയത്തില്‍ തര്‍ക്കവും ചര്‍ച്ചയുമായി സമയം വെറുതെ കളഞ്ഞത്.

പാക്ക് അധീനതയിലുള്ള കശ്മീര്‍ കൂടി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത് പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്നും ഓരോ ഇന്ത്യക്കാരന്റെയും ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കണമെന്നും കശ്മീരികളുടെ ഓരോ തുള്ളി രക്തവും 125 കോടി ഇന്ത്യന്‍ ജനതയുടെ വികാരമായി കണ്ടുകൊണ്ടുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ശക്തിയുക്തം ആവശ്യപ്പെടുകയും ചെയ്തു.

നഗരസഭയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയാണിതെന്നും ഇത്തരം പ്രമേയങ്ങള്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതല്ലെന്നും പ്രതിപക്ഷനിരയിലെ സിപിഎം കൌണ്‍സിലര്‍ പാലൊളി കുഞ്ഞിമുഹമ്മദ് എതിര്‍ വാദമുന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും നഗരസഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും പ്രമേയത്തെ പിന്താങ്ങുന്നവര്‍ വാദിച്ചു. എന്തായാലും നഗരസഭയുടെ വക കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു കത്തയയ്ക്കാമെന്ന തീരുമാനത്തോടെയാണ് ഇന്ത്യ-പാക്ക് പ്രശ്നം മലപ്പുറം നഗരസഭയില്‍ ഒത്തു തീര്‍പ്പാക്കിയത്.