റേഷന്‍കട തകര്‍ത്ത് കാട്ടാനക്കൂട്ടം രണ്ടു ചാക്ക്‌ ‘അരി തിന്ന് കൃഷിയും’ നശിപ്പിച്ചു

single-img
20 November 2014

reshanമൂന്നാര്‍: കാട്ടാനക്കൂട്ടം റേഷന്‍കട തകര്‍ത്ത് രണ്ടു ചാക്ക്‌ അരി തിന്ന് കൃഷിയും നശിപ്പിച്ച ശേഷം മടങ്ങി. ഹാരിസണ്‍സിന്റെ ഉടമസ്‌ഥതയിലുള്ള ദേവികുളത്തെ ലാക്കാട്‌ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയാണു ബുധനാഴ്‌ച വെളുപ്പിന്‌ കാട്ടാനക്കൂട്ടം തകര്‍ത്തത്‌. ഒരാഴ്‌ചയായി പ്രദേശത്തെ കൃഷിയിടങ്ങള്‍ പതിവായി ആനക്കൂട്ടം നശിപ്പിക്കുന്നുണ്ടായിരുന്നു.  75 കിലോ വീതമുള്ള രണ്ടു ചാക്ക്‌ റേഷന്‍ അരി വലിച്ചു പുറത്തിട്ടാണു ആനക്കൂട്ടം തിന്നത്‌.

കടയ്‌ക്ക്‌ സമീപമുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന ഉടമയും കുടുംബവും ശബ്‌ദംകേട്ട്‌ നോക്കിയപ്പോഴാണ്‌ കാട്ടാനകളെ കണ്ടത്‌. ഉടൻ തന്നെ ഇവര്‍ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രണ്ട്‌ ആനകള്‍ അവിടെ നിലയുറപ്പിച്ചിരുന്നതിനാൽ അതിന് കഴിഞ്ഞില്ല.

തുടര്‍ന്ന്‌ ഇവരുടെ അലര്‍ച്ചകേട്ട്‌ പന്തങ്ങളും ലൈറ്റുകളുമായി എത്തിയവരാണ്‌ ആനക്കൂട്ടത്തെ തുരത്തിയത്‌. ആനയുടെ ആക്രമണത്തില്‍ ത്രാസ്‌ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്‌ടപ്പെട്ടതായി കടയുടമ പറഞ്ഞു. പോകുന്ന വഴിയിൽ സമീപമുള്ള കൃഷികളും നശിപ്പിച്ച ശേഷമാണു കാട്ടാനക്കൂട്ടം മടങ്ങിയത്‌. ഒരാഴ്‌ചക്കുള്ളിൽ പ്രദേശത്തെ ഏക്കറുകണക്കിനു ഭൂമിയിെല പച്ചക്കറി കൃഷികളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്‌.