മേയർക്ക് സദ്ബുദ്ധി നൽകാൻ പ്രതിപക്ഷ കൗൺസിലർമാരുടെ ‘ചന്ദ്രികാ ഹോമം’

single-img
20 November 2014

mayor_hommamതിരുവനന്തപുരം: മേയർ കെ.ചന്ദ്രികക്ക് സദ്ബുദ്ധി നൽകാൻ പ്രതിപക്ഷ കൗൺസിലർമാരുടെ ‘ചന്ദ്രികാ ഹോമം’. തിരുവനന്തപുരം നഗരസഭയുടെ വികസനകാര്യത്തിൽ കാര്യങ്ങളിൽ മേയര്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന പ്രാര്‍ഥനയോടെയാണ് നഗരസഭയ്ക്കു മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാർ പൂജയും ഹോമവും നടത്തിയത്.

മേയറുടെ പക്ഷം ചേർന്നുള്ള വികസന നയത്തിന് എതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിവന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമായാണ് ഇന്നലെ ‘ചന്ദ്രികാ ഹോമം’ നടത്തിയത്. സമരത്തിന്റെ മൂന്നാം ദിവസത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുത്തന്‍ സമരമുറ പരീക്ഷിച്ചത്. ഓം ചന്ദ്രികയായ നമഹാ, മനസ്സ് മാറണേ നമഹാ, നല്ല ബുദ്ധി തോന്നിക്കണേ നമഹാ, അഹങ്കാരം കുറക്കണേ നമഹ തുടങ്ങി മന്ത്രോച്ചാരണങ്ങളോടെയായിരുന്നു ഹോമം. മന്ത്രോച്ചാരണത്തോടെ കൗണ്‍സിര്‍മാര്‍ ഹോമകുണ്ഡത്തിലേക്കു പൂക്കളിട്ടു.

രാവിലെ പതിനൊന്നിന് തുടങ്ങി ഒരു മണിക്കൂര്‍ നീണ്ട ഹോമത്തിനു മേല്‍നോട്ടം വഹിച്ച് പൂജാരിയുടെ വേഷത്തില്‍ ഒരാളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ കേടായ ട്യൂബ് ലൈറ്റുകള്‍ നിരത്തി വച്ച്, മെഴുകുതിരി കത്തിച്ച് റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു.

തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ കെഎസ്ഇബിക്ക് പണം നല്‍കിയെന്നാണ് മേയറുടെ പ്രസ്താവന.  ഇത് ശരിയല്ലെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മാത്രമാണ് തെരുവ് വിളക്കുകള്‍ കത്തിക്കുന്നതെന്നും നാല് മാസം മുമ്പ് കൊടുത്ത കാശിന്റെ കണക്കാണ് മേയര്‍ പറയുന്നതെന്നും. ആദ്യം ഒരു കോടി നല്‍കിയെന്ന് പറഞ്ഞ മേയര്‍ പിന്നീട് അത് എണ്‍പത് ലക്ഷമായി മാറ്റി പറഞ്ഞത് തന്നെ കളവിന് തെളിവാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ജോണ്‍സന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ മുജീബ് റഹ്മാന്‍, ടോണി ഒളിവര്‍ തുടങ്ങിയവര്‍ ‘സമര ഹോമത്തിനും പൂജയ്ക്കും’ നേതൃത്വം നല്‍കി.