കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐയും സഹായിയും പിടിയിൽ

single-img
19 November 2014

policecapനെടുമങ്ങാട്: പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐയും സഹായിയും പിടിയിൽ. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രതാപന്‍നായരും പോലീസ് സ്റ്റേഷന് സമീപം തട്ടുകട നടത്തുന്ന സഹായി ചന്ദ്രശേഖരന്‍നായരുമാണ് വിജിലന്‍സ് പിടിയിലായത്.  പരുത്തിക്കുഴി മന്തിക്കുഴി വീട്ടില്‍ അജു വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്റ്റേഷന് മുന്നില്‍ വെച്ച് അജുവില്‍ നിന്ന് രൂപ വാങ്ങി തട്ടുകടയില്‍ സൂക്ഷിക്കാന്‍ ഏല്പിച്ച് മടങ്ങുമ്പോഴാണ് എസ്.ഐയെ പിടികൂടിയത്.

പാച്ചല്ലൂര്‍ സ്വദേശി സുധീര്‍ഖാന്‍ 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രതാപന്‍ നായര്‍ അജുവില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ രണ്ടു തവണകളിലായി പ്രതാപന്‍നായര്‍ 3000 രൂപ കൈപ്പറ്റിയിരുന്നു. ഇതു കൂടാതെ അയ്യായിരം രൂപ കൂടി വേണമെന്ന് എസ്.ഐ. ആവശ്യപ്പെട്ടത്. തുടര്‍ന്ന് അജു വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പ്രതാപന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതും അജു വിജിലന്‍സിന് കൈമാറി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വിജിലന്‍സ് നല്കിയ ഫിനാഫ്ത്തലിന്‍ പുരട്ടിയ നോട്ടുമായി അജു സ്റ്റേഷന് മുന്നിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രതാപന്‍നായര്‍ക്ക് പണം നൽകി അജു പോയിക്കഴിഞ്ഞതിന് ശേഷം എസ്.ഐ മതില്‍ക്കെട്ടിന് പുറത്തുള്ള തട്ടുകടയില്‍ പണം ഏല്പിച്ചു. ചുറ്റും നിന്ന വിജിലന്‍സ് സംഘം പ്രതാപന്‍നായരെയും കടക്കാരനെയും പിടികൂടിയെങ്കിലും പണം വാങ്ങിയില്ലെന്ന് എസ്.ഐ. വിജിലന്‍സ് സംഘത്തിനോട് തര്‍ക്കിച്ചു. തുടര്‍ന്ന് കൈ രാസലായനില്‍ മുക്കിനടത്തിയ പരിശോധനയില്‍ ഇദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് സുധീര്‍ഖാന്‍ അജുവില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ വാങ്ങി പറ്റിച്ചത്. തുടർന്ന് അജു നെടുമങ്ങാട് കോടതിയില്‍ നല്കിയ പരാതിയിൽ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നെടുമങ്ങാട് പോലീസിനോട് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ നിന്ന് അന്വേഷണ ചുമതല ഗ്രേഡ് എസ്.ഐ പ്രതാപന്‍നായരെ ഏല്പിച്ചു. നവംബര്‍ 12ന് കൈമാറിയ കേസില്‍ ഇതുവരെ പ്രാഥമിക അന്വേഷണം നടത്തുകയോ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല.