പ്രധാനമന്ത്രി ഈ മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കില്ല

single-img
19 November 2014

Modiശബരിമല: ഇത്തവണ മണ്ഡലകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദര്‍ശിച്ചേക്കില്ല. സുരക്ഷ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്ദര്‍ശനം നീട്ടിവയ്ക്കുന്നതെന്നാണ് സൂചന. സീസണില്‍ അയ്യപ്പന്മാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ ബുദ്ധിമുട്ടാകുമെന്നതും കണക്കിലെടുത്തിട്ടുണ്ട്.

ശബരിമലയിൽ തിരക്കിനിടയ്ക്ക് അതീവസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പരിമിതികള്‍ ഏറെയുണ്ടെന്ന് സുരക്ഷ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സീസണിനുശേഷം നട അടച്ചിരിക്കുമ്പോഴോ ഏതെങ്കിലും മാസപൂജയുടെ സമയത്തോ മോദിയുടെ സന്ദര്‍ശനം ക്രമീകരിക്കാനാണു നീക്കം. പാര്‍ലമെന്റ് സമ്മേളനവും കശ്മീര്‍-ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളും ഈ മണ്ഡലകാലത്താണ് നടക്കുന്നത്.
തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നുങ്കിലും പ്രധാനമന്ത്രി ശബരിമല ഉറപ്പായും സന്ദര്‍ശിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം പറയുന്നത്.

മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി എല്ലായിടത്തും സുരക്ഷാപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വാഹനങ്ങളേയും ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കമായാണ് ഈ പരിശോധനകള്‍.