ഇന്ത്യയില്‍ അടിമ ജീവിതം നയിക്കുന്നത് 1 കോടി 40 ലക്ഷം പേര്‍

single-img
18 November 2014

slaves India survey_0_0ലോകത്ത് ഏറ്റവും കൂടുതല്‍ അടിമസമാന ജീവിതം നയിക്കുന്നവര്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു കോടി 40 ലക്ഷം പേരാണ് അടിമ സമാനമായ ജീവിതം നയിക്കുന്നത്. ലോകത്ത് മൂന്ന് കോടി അറുപത് ലക്ഷത്തോളം പേര്‍ ഇപ്പോഴും അടിമകളാണെന്ന് അടിമത്തവിരുദ്ധ പ്രചാരണം നടത്തുന്ന വാക് ഫ്രീ എന്ന സംഘടനയുടെ ഗ്ലോബല്‍ സ്ലേവറി ഇന്‍ഡകസ് എന്ന റിപ്പോട്ടില്‍ പറയുന്നു.

നിര്‍ബന്ധിത ജോലി ചെയ്യേണ്ടി വരുന്നവര്‍, മനുഷ്യക്കടത്തിനിരയാവുന്നവര്‍, ലൈംഗിക ചൂഷണത്തിനോ നിര്‍ബന്ധിത വിവാഹത്തിനോ ഇരയാകുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അടിമത്തം കണക്കാക്കിയിരിക്കുന്നത്. ലോകജനസംഖ്യയുടെ 0.5 ശതമാനം അടിമകളാണെന്ന് ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്‌സ് പറയുന്നു. ആകെ ജനസംഖ്യയില്‍ അടിമകളുടെ ശതമാനം ഏറ്റവും കൂടുതലുള്ളത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയിലാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ അടിമത്ത നിരക്ക് ലോകത്ത് 20 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോട്ട് വ്യക്തമാക്കുന്നു. സര്‍വേ നടത്തിയ 167 രാജ്യങ്ങളിലും അടിമ മനോഭാവം ശക്തമാണെന്ന് വാക്ഫ്രീയുടെ റിപ്പോട്ട് പറയുന്നു. ചൈനയും പാകിസ്ഥാനും ഉസ്‌ബെക്കിസ്ഥാനുമാണ് ഇന്ത്യക്ക് പിന്നിലായി അടിമത്തത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് അടിമത്തം സംബന്ധിച്ച പ്രശ്‌നം ഏറ്റവും രൂക്ഷമായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.