തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ സാങ്കേതിക കുലപതി വി.ബി.സി മേനോന്‍ അഭിനയിച്ച ഹ്രസ്വചിത്രം ‘ശരി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തുന്നു

single-img
18 November 2014

EE phtതെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ സാങ്കേതിക കുലപതി മലയാളിയായ വി.ബി.സി മേനോന്‍ പ്രധാനവേഷമിട്ട ഹ്രസ്വചിത്രം ‘ശരി’ വിദ്യാര്‍ത്ഥികളുടെ മുന്നിലെത്തുന്നു. 400 ഓളം ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം ചെയ്തിട്ടുള്ള വി.ബി.സി മേനോന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച ശബ്ദലേഖകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തിയാണ്.

നഗരവത്കരണവും അണുകുടുംബവ്യവസ്ഥിതിയും ഒരു ബാലന്റെ മനസ്സില്‍ വരുത്തുന്ന മാറ്റം പ്രമേയമാക്കിയുള്ള ചിത്രമാണ് ശരി. വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ രാജ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

തന്റെ ആയുസ്സിന്റെ വലിയൊരുഭാഗം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിന് സമര്‍പ്പിച്ച വി.ബി.സി മേനോന്‍ ഇപ്പോള്‍ ആനക്കയം പാന്തല്ലൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഇത് ആദ്യമായാണ് മേനോന്‍ കാമറയ്ക്ക് മുന്നിലെത്തുന്നത്. ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സിന്ധുഷെല്ലി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘ശരി’യുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രതാപ് ജോസഫാണ്.

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിനയിച്ച ‘ഫോര്‍ വുമന്‍’ എന്ന ചിത്രത്തിനു ശേഷം സീഷെല്‍ ക്രിയേഷന്‍സ് തയ്യറാക്കുന്ന ശരി നിര്‍മ്മിച്ചിരിക്കുന്നത് ഷെല്ലി ആന്റണിയും ഇയാന്‍ ഷെല്ലയും ചേര്‍ന്നാണ്.