ഫേസ്ബുക്കിലൂടെ പ്രണയത്തിലായ യുവതി കൈമാറിയ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍

single-img
18 November 2014

facebook_logoവീണ്ടും ഒരു സോഷ്യല്‍ മീഡിയ തട്ടിപ്പ്. ഫേസ്ബുക്കിലൂടെ പ്രണയബന്ധം സ്ഥാപിച്ച് യുവതിയുടെ പണം തട്ടിയെടുത്ത കൊല്ലം സ്വദേശിയായ യുവാവിനെ മഞ്ചേരി എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തു. കാരാപറമ്പ് സ്വദേശിനിയും മംഗലാപുരം സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ യുവതിയുടെ പരാതിയില്‍ കൊല്ലം പുനലൂര്‍ എളമ്പാല്‍ വയലിറക്കത്തില്‍ സനല്‍കുമാറിനെയാണ് (37) അറസ്റ്റ് ചെയ്തത്.

കേസിനാധാരമായ സംഭവം നടന്നത് 2014 ജനുവരി മാസത്തിലാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി സുനില്‍ കുമാര്‍ സ്ഥിരമായി മൊബൈലില്‍ സംസാരിച്ചു തുടങ്ങിയതോടെ അത് പ്രണയത്തിന് വഴിമാറി. ഇതിശന തുടര്‍ന്ന് യുവതിയുടെ വിവിധ പോസിലുള്ള ഫോട്ടോകള്‍ കൈക്കലാക്കിയ പ്രതി ഇത് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

ഭീഷണി ശക്തമായപ്പോള്‍ 10000 രൂപ ബാങ്ക് അക്കൗണ്ട് വഴി യുവതി പ്രതിക്ക് കൈമാറി. എന്നാല്‍ പ്രതി വീണ്ടും ആഭരണങ്ങളും പണവും ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതി പണം കണെ്ടത്താനാവാതെ വന്നപ്പോള്‍ പ്രതിയുടെ പ്രേരണ പ്രകാരം സഹജോലിക്കാരുടെ നമ്പര്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നു. ഇവര്‍ക്കും പ്രതിതയില്‍ നിന്നും ഭീഷണി ഫോണ്‍ വന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനില്‍കുമാര്‍ കുടുങ്ങിയത്. ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയുടെ പേരില്‍ പുനലൂര്‍ പോലീസില്‍ അടിപിടി കേസും ബാലരാമപുരം പോലീസില്‍ വധശ്രമക്കേസും നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.