സ്വന്തം മക്കളെ കൂടാതെ താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികളെയും മക്കളായി കാണുന്ന റിട്ട. അധ്യാപിക രമണിക്കുട്ടിയമ്മ; സ്‌കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ സ്വന്തം പേരിലുള്ള ഒരുകോടി രൂപയുടെ അരയേക്കര്‍ വസ്തു രമണിക്കുട്ടിയമ്മ ദാനമായി നല്‍കുന്നു

single-img
18 November 2014

Ramanikuttyപെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെല്ലാവരും രമണിക്കുട്ടിയമ്മയുടെ മക്കളാണ്. താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കായിക പരിശീലനത്തിന്റെ ബുദ്ധിമുട്ട് കണ്ട്അതുകൊണ്ടായിരിക്കും ആ മുന്‍ അധ്യാപികയുടെ മനസ്സ് വിഷമിച്ചത്. ആ വിഷമം മധ്യപാിക എന്നതിലുപരി ഒരു മാതൃഹൃദയത്തിന്റെ വിഷമമായി മാറിയപ്പോഴാണ് സ്‌കൂളിന്റെ കളിസ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കാനായി പെരിങ്ങനാട് തെക്കുംമുറി രമണികയില്‍ കെ. രമണിക്കുട്ടിയമ്മ ഒരു കോടിയോളം രൂപ വിലമതിക്കുന്ന അരയേക്കര്‍ സ്‌കൂളിനു ദാനമായി നല്‍കിയത്.

കായികാധ്യാപകനായ വിജയന്റെ നേതൃത്വത്തില്‍ അടൂര്‍ വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയ്ക്കായി സ്‌കൂളില്‍ കളിസ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ഈ സ്‌കൂളിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് സമീപത്തുള്ള ഇടവഴികളിലായിരുന്നു. അങ്ങനെ പരിശീലിച്ചിട്ടും അവര്‍ക്ക് ഇത്തവണത്തെ ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ കിരീടം നേടാന്‍ കഴിഞ്ഞു. ഈ ഒരു സംഭവമാണ് ഒരുകോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം കുട്ടികളുടെ ആവശ്യത്തിനായി ടീച്ചറെ വിട്ടുനല്‍കാന്‍ പ്രേരിപ്പിച്ചത്.

രമണിക്കുട്ടിയമ്മ സ്‌കൂള്‍ അധികൃതരെ സ്ഥലം വിട്ടുകൊടുക്കുന്ന കാര്യം അറിയിച്ചതിനെ തുടര്‍ന്ന് പിടിഎയുമായി കൂടിയാലോചിച്ച ശേഷം ഉടന്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 22 വര്‍ഷം അധ്യാപികയായി ഇതേ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന രമണിക്കുട്ടിയമ്മ 91ല്‍ പ്രഥമാധ്യാപികയായി ജോലിക്കയറ്റം കിട്ടിയപ്പോള്‍മൂന്നാളം എല്‍പി സ്‌കൂളിലേക്ക് സ്ഥലം മാറുകയായിരുന്നു. 96ല്‍ മൂന്നാളം സ്‌കൂളില്‍ നിന്നാണ് വിരമിച്ച രമണിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് അടൂര്‍ എഇ ഓഫിസില്‍ നിന്ന് യുഡി ക്ലാര്‍ക്കായി വിരമിച്ച എം. ജി. ശിവന്‍കുട്ടിനായരാണ്. മക്കളായ സുനില്‍കുമാറും അനില്‍കുമാറും വിദേശത്ത് കഴിയുന്നു.

ഭാര്യയുടെ തീരുമാനം തന്റെയും തീരുമാനമാണെന്ന് ശിവന്‍കുട്ടി നായരും പറയുന്നു. സ്ഥലം വിട്ടു നല്‍കുന്നുവെങ്കിലും രമണിക്കുട്ടിയമ്മയ്ക്ക് ഒരു നിബന്ധനയുണ്ട്. പ്രസ്തുത സ്ഥലം കായിക പരിശീലനത്തിനു മാത്രമേ ഉപയോഗിക്കാവു. അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ല. ഈ നിബന്ധന ഇവര്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും അനുകൂല മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.