വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കമായ

single-img
17 November 2014

Sabariവൃശ്ചികപ്പുലരികളെ വരവേറ്റുകൊണ്ട് മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. നട തുറക്കുന്നതും കാത്ത് അയ്യപ്പഭക്തരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയാണു ക്ഷേത്രനട തുറന്ന് ദീപം തെളിച്ചത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയും എസ്.കേശവന്‍ നമ്പൂതിരിയുമാണ് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ആദ്യം പതിനെട്ടാംപടി കയറിയത്.

രാത്രി ഏഴോടെ നിയുക്ത മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെ സ്ഥാനാഭിഷേക ചടങ്ങ് സന്നിധാനത്ത് നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരാണ ്മുഖ്യകാര്‍മികത്വം വഹിച്ചത്. ക്ഷേത്ര സോപാനത്തില്‍ പ്രത്യേക പീഠത്തില്‍ ഇരുത്തിയാണ് സ്ഥാനാഭിഷേക ചടങ്ങ് നടന്നത്. ക്ഷേത്ര കോവിലില്‍ പൂജിച്ച കലശം അഭിഷേകം നടത്തി. പിന്നീട് ശ്രീകോവിലിലെത്തിച്ച് തന്ത്രി നിയുക്ത മേല്‍ശാന്തിക്ക് അയ്യപ്പന്റെ മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തു.

മാളികപ്പുറത്ത് നിയുക്ത മേല്‍ശാന്തി എസ്.കേശവന്‍ നമ്പൂതിരിയുടെ സ്ഥാനാഭിഷേകവും തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. മാളികപ്പുറം ക്ഷേത്ര ശ്രീകോവിനു മുമ്പിലായിരുന്നു ചടങ്ങുകള്‍. രാത്രി 10നു സ്ഥാനമൊഴിയുന്ന മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര നടയും മനോജ് എമ്പ്രാന്തിരി മാളികപ്പുറം നടയും അടച്ച് താക്കോലുകള്‍ ദേവസ്വം മാനേജര്‍ക്കു കൈമാറി. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ ഒരുവര്‍ഷം ശബരിമല സന്നിധാനത്തു താമസിച്ച് പൂജകള്‍ നിര്‍വഹിച്ച ഇരുവരും രാത്രിയോടെ മലയിറങ്ങി. ഇന്നു പുലര്‍ച്ചെ നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്.