ശ്രീലങ്കക്കെതിരായ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി

single-img
17 November 2014

kohliറാഞ്ചി: ശ്രീലങ്കക്കെതിരായ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ (139 നോട്ടൗട്ട്) സഹായത്തോടെ പൊരുതാൻ കഴിയുന്ന ടോട്ടൽ പടുത്ത് ഉയർത്തിയിരുന്നു. എന്നാൽ അതേ നാണയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (139 നോട്ടൗട്ട്) മറുപടി നല്‍കിയപ്പോള്‍ ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരത്തിലും ഇന്ത്യ മൂന്നു വിക്കറ്റിന് ജയിച്ചു.  സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ എട്ടിന് 286. ഇന്ത്യ 48.4 ഓവറില്‍ ഏഴിന് 288. സെഞ്ചുറിയും രണ്ട് വിക്കറ്റും വീഴ്ത്തിയ മാത്യൂസാണ് മാന്‍ ഓഫ് ദ് മാച്ച്.

കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ പൊരുതിയാണ് തോറ്റതെന്ന് ശ്രീലങ്കയ്ക്കു ആശ്വസിക്കാം. കഴിഞ്ഞ മല്‍സരത്തിലെ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ ഇന്ത്യക്ക് വേഗം നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് തികയും മുന്‍പ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരെയും മടക്കി മാത്യൂസ് ലങ്കയ്ക്കു മികച്ച തുടക്കം നല്‍കിയത്.  മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായ്ഡുവുമായി (59) കൂട്ടുചേര്‍ന്ന കോഹ്‌ലി പിന്നീട് സ്‌കോര്‍ 150 വരെയെത്തിച്ചു. എന്നാല്‍ റായ്ഡു റണ്ണൗട്ടാവുകയും ഒന്നിനു പിറകെ ഒന്നായി അജാന്ത മെന്‍ഡിസിന് മുന്നിൽ നാലു വിക്കറ്റുകള്‍ വീണത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

46 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയത്തിലേക്ക് 24 പന്തുകളില്‍ 34 റണ്‍സ് എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. തുടർന്ന് അക്ഷര്‍ പട്ടേലിനെ (17 നോട്ടൗട്ട്) കൂട്ടുപിടിച്ച്  48-ാം ഓവറില്‍ എറിയാൻ വന്ന മെന്‍ഡിസിനെ കോഹ്‌ലി രാണ്ട് സിക്‌സർ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.