സി.പി.എം. അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തിയിട്ടില്ല : പിണറായി വിജയന്‍

single-img
16 November 2014

piസി.പി.ഐ. ആരോപിക്കുന്നതുപോലെ സി.പി.എം. ഒരുതരത്തിലുമുള്ള അഡ്ജസ്റ്റ്‌മെന്റ് സമരവും നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പന്ന്യന്റെ പ്രസ്താവന ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മനസിലാക്കാതെയുള്ള തെരുവ് പ്രസംഗമാണെന്നും സർക്കാരുമായി അഡ്ജസ്റ്റ്മെന്റ് സമരം നടത്തിയെന്ന ആരോപണം സ്വാഭാവികമായ വീൺവാക്കാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

വ്യക്തമായ ധാരണയോടെ തന്നെയാണ് എല്‍.ഡി.എഫും സി.പി.എമ്മും സമരങ്ങള്‍ അവസാനിപ്പിച്ചത്. കൂട്ടായ ആലോചനയില്ലാതെ ഒരു സമരവും അവസാനിപ്പിച്ചിട്ടില്ല എന്നും പിണറായി പറഞ്ഞു. ബാര്‍ കോഴ പ്രശ്‌നത്തില്‍ ധനമന്ത്രി കെ. എം. മാണിയുടെ രാജി അനിവാര്യമാണെന്നും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭം ആരംഭിക്കുന്ന കാര്യം നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു.

 
കേരളത്തിലെ സി.പി.ഐയ്ക്ക് പഴയ കോൺഗ്രസ് ബന്ധത്തിന്റെ ഹാംഗോവറാണ്. പഴയ ബന്ധത്തിലെ തികട്ടലുകൾ ചില നേതാക്കൾക്ക് ഇപ്പോഴും മാറിയിട്ടില്ല. കോൺഗ്രസുമായി ബന്ധമുണ്ടാക്കിയത് ലഭിച്ച ശിക്ഷ എന്താണെന്ന് സി.പി.ഐ മറക്കരുത്. ഇടതുപാർട്ടികളുടെ ഐക്യത്തിനാണ് സി.പി.എം നിലകൊള്ളുന്നത്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമല്ല പലപ്പോഴും കേരളത്തിലെ സി.പി.ഐ നിൽക്കുന്നതെന്നും പിണറായി പറഞ്ഞു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയെയും തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസക്രമം പൂര്‍ണമായി അട്ടിമറിച്ചു. ഇതുമൂലം ഈ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം ആകെ അവതാളത്തിലായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വെട്ടിമുറിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. ഇ.എം.എസ്. ഭവനനിര്‍മാണ പദ്ധതിയെയും സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്  പിണറായി കുറ്റപ്പെടുത്തി.