നാലുമക്കളുള്ള എണ്‍പതുകാരിയുടെ പതിനഞ്ച് ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം ഇന്നലെ അവര്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നും കണ്ടെടുത്തു; പോലീസ് ചെലവുകള്‍ക്കും ആംബുലന്‍സിനും മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണം ഊരി വില്‍ക്കാന്‍ മക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.

single-img
15 November 2014

Oldരണ്ട് ആണ്‍മക്കളില്‍ മൂത്തയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രണ്ടാമന്‍ വിദേശത്ത്, രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. അങ്ങനെ നല്ലരീതിയില്‍ ജീവിക്കുന്ന നാലുമക്കളുടെ അമ്മയായ എണ്‍പതുകാരിയുടെ മൃതദേഹം ഇന്നലെ അവര്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ കടയ്ക്കാമണ്‍ രേവതിഭവനില്‍ പരേതനായ ദാമോദരന്റെ ഭാര്യ പാറുക്കുട്ടിയാണ് ഇത്തരത്തില്‍ ദയനീയ മരണത്തിന് ഇരയായത്. ഭര്‍ത്താവ് ദാമോദരന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചശേഷം മക്കളാരും നോക്കാനില്ലാതെ ഒറ്റയ്ക്കായിരുന്നു പാറുക്കുട്ടിയുടെ താമസം.

പാറുക്കുട്ടിയുടെ മൂത്ത മകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇളയയാള്‍ക്ക് ഗള്‍ഫില്‍ ജോലിയുമാണ്. രണ്ട് പെണ്‍മക്കളില്‍ മൂത്തമകളും കുടുംബവും പാറുക്കുട്ടിയമ്മയുടെ വീടിന് സമീപം തന്നെയാണ് താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മുറിഞ്ഞകല്ലില്‍ താമസിക്കുന്ന ഇളയമകളും ഭര്‍ത്താവും വീട്ടിലെത്തിയപ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ച് ഇവര്‍ വീട് തുറന്നുനോക്കിയപ്പോഴാണ് പാറുക്കുട്ടിയെ മരിച്ചനിലയില്‍ കാണുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുകയായിരുന്നു.

ഭര്‍ത്താവ് മരിച്ചതിനുശേഷം മക്കളാരും നോക്കാനില്ലാതെ സ്വന്തമായുള്ള ഭൂമിയില്‍ പെട്ടിക്കട നടത്തിയാണ് പാറുക്കുട്ടി കഴിഞ്ഞിരുന്നത്. നേരത്തെ തന്നെ കുടുംബസ്വത്തുക്കള്‍ മക്കള്‍ക്കെല്ലാം വീതംവച്ചുകൊടുത്തെങ്കിലും ബാക്കിയുണ്ടായിരുന്ന ഈ ഭൂമിയെച്ചൊല്ലി ഒരു മരുമകനുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെപേരില്‍ പാറുക്കുട്ടിയമ്മ മരുമകനെതിരെ പോലീസില്‍ പരാതി ശകാടുത്തിരുന്നു.

എന്നാല്‍ അമ്മയുടെ മരണം അറിഞ്ഞശേഷം സങ്കടവുമായെത്തിയ മക്കള്‍ നാട്ടുകാരുടെ രോഷത്തിനും ഇരയായി. വീട്ടിലുള്ള സ്വര്‍ണത്തിന്റെയും പണത്തിന്റെയും കണക്ക് രേഖപ്പെടുത്തണമെന്ന് പോലീസിനോട് മക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മാത്രമല്ല മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പണം നല്‍കുന്ന കാര്യത്തിലും കുടുംബാംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇതിനിടയില്‍ കുടുംബാംഗങ്ങളിലൊരാള്‍ മൃതദേഹത്തിലുള്ള വള ഊരിവിറ്റ് പണം കൊടുത്താല്‍ മതിയെന്ന് ആവശ്യപ്പെടതോടെ പ്രശ്‌നത്തില്‍ മപാലീസും ഇടപെട്ടു. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സിന് പണം കൊടുക്കാനും മക്കള്‍ തമ്മില്‍ തര്‍ക്കമായതിനെ തുടര്‍ന്ന് ജനം അവരെ കൈവയ്ക്കുന്ന അവസ്ഥയില്‍ വരെ കാര്യങ്ങളെത്തി. പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പത്തനാപുരം എസ്.ഐ. ബി.കെ.സുനില്‍കുമാര്‍, അമ്മയെ നോക്കാത്ത മക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.