പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെതിരെ കേസുകൊടുത്ത മാതാവ് ഒടുവില്‍ പരാതിയില്ലെന്ന് സത്യവാങ്മൂലം നല്‍കി; തന്റെ വിവാഹജീവിതം സുരക്ഷിതമാക്കാന്‍ പാവം പെണ്‍കുട്ടിയുടെ ജീവിതം ബലി നല്‍കരുതെന്ന് മാതാവിനോട് കോടതി

single-img
15 November 2014

kerala-high-courtസ്വന്തം പിതാവ് മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള ഹീനകൃത്യങ്ങളില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിച്ചുകൂടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സ്വന്തം അമ്മ കുട്ടുനില്‍ക്കുകയോ ഭര്‍ത്താവിനു മാപ്പു നല്‍കുകയോ ചെയ്യരുതെന്നും ഹൈക്കോടതി. ഇത്തരം നീചപ്രവൃത്തികള്‍ക്കു മുതിരുന്ന കൊടുംക്രിമിനലുകളെ ക്രിമിനല്‍ നടപടിക്രമത്തില്‍ ഒത്തുതീര്‍പ്പിനുള്ള വ്യവസ്ഥ സംരക്ഷിക്കാനുള്ളതല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇരവിപുരം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പതിമൂന്നുകാരിയായ മകള്‍ ആദ്യതവണ പിതാവിന്റെ അതിക്രമം ചെറുത്തു നില്‍ക്കുകയും പിന്നീട് ആവര്‍ത്തിച്ചപ്പോള്‍ അമ്മയോടു പറയുകയുമായിരുന്നു. അതിന്‍പ്രകാരമാണ് അമ്മ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയത്.

ഈ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവായ തന്റെ ഭാര്യയുടെ സത്യവാങ്മൂലം ഉണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ തന്റെ വിവാഹജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി അമ്മ പാവം പെണ്‍കുട്ടിയുടെ ജീവന്‍ ബലി നല്‍കരുതെന്ന് കോടതി പറഞ്ഞു. സംരക്ഷകന്‍ തന്നെ വേട്ടക്കാരനാകുന്ന സംഭവമാണിത്. ചെകുത്താനും കടലിനുമിടയില്‍പെട്ട സ്ഥിതിയിലാണു കുട്ടി. പെണ്‍കുട്ടിയുടെ അമ്മ സ്വന്തം ഭര്‍ത്താവുമായി ഇക്കാര്യത്തില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കില്‍ അതു ചവറ്റുകുട്ടയില്‍ എറിഞ്ഞാല്‍ മതി, ഇവിടെ വിലപ്പോവില്ല: കോടതി ഓര്‍മ്മിപ്പിച്ചു.