മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയായി

single-img
15 November 2014

mullaകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നു. നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇന്നു രാത്രിതന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. പീരുമേട്ടില്‍ അടിന്തര യോഗം അല്‍പസമയത്തിനകം ചേരും.

അതേസമയം ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 ഇടങ്ങള്‍ കണ്ടെത്തിയതായും ജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പരിശീലനം നല്‍കിയതായും മന്ത്രി പറഞ്ഞു. ആറ് പഞ്ചായത്തിലെ 2204 പേര്‍ക്കാണ് പരിശീലനം നല്‍കിയതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ഷട്ടര്‍ തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.  ജലനിരപ്പ് 140 അടിയിലെത്തുമ്പോള്‍ ഷട്ടര്‍ തുറക്കാമെന്നായിരുന്നു നേരത്തെ തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ ജലനിരപ്പ് 141 അടിയിലെത്തിയിട്ടും ഇതിനുള്ള യാതൊരു വിധ ക്രമീകരണങ്ങളും നടന്നിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

കേരളവും പ്രശ്‌നത്തില്‍ അലംഭാവം തുടരുകയാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.