വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പിലെ മരണം; മരുന്നിൽ എലി വിഷത്തിൻറെ സാന്നിദ്ധ്യം കണ്ടെത്തി

single-img
15 November 2014

raipurറായ്‌പൂർ:  സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പിൽ 14 സ്ത്രീകൾ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീകൾക്ക് നൽകിയ മരുന്നിൽ എലി വിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫോറ്റിന്റെ അംശം കണ്ടെത്തി. വെള്ളിയാഴ്ച മരുന്നുകളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

സിപ്രോഫ്ലോസാക്സിൻ 500 എന്ന മരുന്നിലാണ് സിങ്ക് ഫോസ്ഫോറ്റ് എന്ന രാസവസ്തു കലർന്നതായി കണ്ടെത്തിയത്.  റായ്പൂർ ആസ്ഥാനമാക്കിയുള്ള മഹാവർ ഫാർമയിൽ നിന്നും മരുന്നുകൾ പിടിച്ചെടുത്ത് കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. മരുന്നു നിർമാണ കമ്പനിയുടെ പരിസരത്തായി ധാരാളം മരുന്നുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നതായും അധികൃതർ അറിയിച്ചു.

സിങ്ക് ഫോസ്ഫേറ്ര് ശരീരത്തിലെത്തിയാലുണ്ടാക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങളാണ് വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീകൾക്കുണ്ടായതെന്ന് ബിലാസ്പൂരിലെ ഡോക്ടർമാ‌ർ പറഞ്ഞു.  ഹൃദയാഘാതം, വൃക്ക തകരാർ, ശ്വാസതടസം മുതലായ ലക്ഷണങ്ങളെ തുടർന്നാണ് സ്ത്രീകൾ മരിച്ചത്.  മരുന്നിന്റെ തുടർ പരിശോധനയ്ക്കായി ഡൽഹി,​ കൊൽക്കത്ത ലാബുകളിലേക്ക് അയയ്ക്കും.

സംസ്ഥാനത്താകമാനം റെയിഡ് നടത്തി മഹാവർ ഫാർമയിലെ ഇത്തരത്തിലുള്ള നാൽപ്പത്തിമൂന്ന് ലക്ഷത്തോളം ടാബ്‌ലെറ്റുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.  മഹാവർ ഫാർമയുടെ ഡയറക്ടറായ രമേഷ് മഹേശ്വർ, മകൻ സുമിത് എന്നിവരെ വെള്ളിയാഴ്ച റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.