എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് നിരപരാധിയെ കസ്റ്റഡിയിലെടുത്തു; തിരിച്ചറിയല്‍ പരേഡില്‍ കുട്ടി പ്രതികളായി ചൂണ്ടിക്കാണിച്ചത് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ

single-img
15 November 2014

policecapപാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പീഡനത്തിനുശേഷം നടന്ന തിരിച്ചറിയല്‍ പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ അറസ്റ്റാണ് നാദാപുരം സിഐ എ.എസ് സുരേഷ്‌കുമാര്‍ രേഖപ്പെടുത്തിയത്. അറസ്റ്റിലായ രണ്ടുപേരും മതപഠനത്തിനായി എത്തിയവരാണെന്നാണ് വിവരം. കഴിഞ്ഞ നാലുദിവസമായി മൂന്നു സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിലെ ബസ് ക്ലീനറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബസ് ക്ലീനര്‍ മുനീറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ഇതിനെതിരെ വന്‍ തോതില്‍ ജനരോക്ഷം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് മുനീറിനെ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ പരേഡ് നടത്തി. തിരിച്ചറിയല്‍ പരേഡില്‍ കുട്ടി മുനീറിനെ തിരിച്ചറിയുകയും ഇയാളല്ല ഉപദ്രവിച്ചതെന്ന് പറയുകയും ചെയ്തു.

മുനീറിനെ പ്രതിയാക്കി കേസ് ഇയാളിലൊതുക്കാനുള്ള പോലീസ് ശ്രമം പാളുകയായിരുന്നു. ഇതിനിടയില്‍ എംഎല്‍എമാരായ കെ.കെ. ലതിക, ഇ.കെ. വിജയന്‍, ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വീണ്ടും മലക്കംമറിഞ്ഞ് പോലീസിന് മുനീറിനെ വിട്ടയക്കേണ്ടിവന്നത്.

അഞ്ചു ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള മതപഠന വിദ്യാര്‍ഥികളെ വൈദ്യപരിശോധനയ്ക്കായി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നുവെങ്കിലും പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഇന്ന് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.