മാലിന്യം വിതറല്‍ മടുത്ത കവലയൂര്‍ പ്രദേശത്തെ ജനങ്ങള്‍ റോഡില്‍ സി.സി. കാമറ വെച്ചു; മുന്നറിയിപ്പിനായി ബോര്‍ഡും സ്ഥാപിച്ചു: കവലയൂര്‍ പ്രദേശം ഇപ്പോള്‍ ക്ലീന്‍

single-img
14 November 2014

Kavalayoor

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യം തള്ളല്‍ തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ പഞ്ചായത്തിലെ കവലയൂര്‍ പ്രദേശത്തുകാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. റോഡിലും വശങ്ങളിലും വിഷമമാകുന്ന തരത്തില്‍ പാതിരാത്രിയില്‍ മാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പലപ്രാവശ്യം നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് കഴിഞ്ഞതുമില്ല.

അങ്ങനെയാണ് നാട്ടുകാര്‍ സ്വന്തം ചെലവില്‍ സ്ഥലത്ത് സി.സി. കാമറ സ്ഥാപിച്ചത്. മാത്രമല്ല ഇനി മാലിന്യം നിക്ഷേപിച്ചാല്‍ നിക്ഷേപിക്കുന്നവരെ ഓടിച്ചിട്ട് തല്ലുമെന്നുള്ള ഭീഷണിയും ഒരു ഫ്‌ളെക്‌സ് ബോര്‍ഡിന്റെ രൂപത്തില്‍ അവര്‍ സ്ഥാപിച്ചു. അതുപോലെ രാഷ്ട്രീയക്കാര്‍ ഇനി വോട്ടും ചോദിച്ച് ഈ വഴി വരേണ്ടെന്ന് മുന്നറിയിപ്പും ബോര്‍ഡിലുണ്ട്.

എന്തായാലും കവലയൂര്‍ പ്രദേശം മാലിന്യ പ്രശ്‌നങ്ങളേതുമില്ലാതെ ഇപ്പോള്‍ ക്ലീനാണ്. മാത്രമല്ലമാലിന്യം വിതറലിനെതിരെ പഞ്ചായത്തിന്റെ ബോര്‍ഡും അവിടെ എത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള മാലിന്യപ്രശ്‌നം അനുഭവിക്കുന്ന മറ്റു നാട്ടുകാര്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്.