കല്ലറ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടുത്ത അധ്യായനവര്‍ഷം മുതല്‍ ക്ലാസിലെത്തുന്നത് സ്വയം നെയ്‌തെടുത്ത യൂണിഫോമും ധരിച്ചുകൊണ്ട്

single-img
14 November 2014

St thomasവ്യക്തികള്‍ അവരവര്‍ തന്നെ നെയ്‌തെടുത്ത വസ്ത്രം ധരിക്കണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം ഇന്ത്യയെ സംബന്ധിച്ച് സഫലമായില്ലെങ്കിലും കോട്ടയം കല്ലറ സെന്റ് തോമസ് സ്‌കൂള്‍ ആ വാക്കുകള്‍ സഫലമാക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളിലെ കുട്ടികള്‍ നെയ്‌തെടുക്കുന്ന ഖാദി വസ്ത്രമായിരിക്കും ഇവിടെ യൂണിഫോമിനായി ഉപയോഗിക്കുക. പി.ടി.എ.യുടെ പരിശീലനത്തിലൂടെയാണ് ലോകരാജ്യങ്ങള്‍ക്കിടയ്ക്കുതന്നെ കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

എന്നും പാഠങ്ങള്‍ക്കൊപ്പം പാഠ്യേതരവിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന കല്ലറ സെന്റ് തോമസ് സ്‌കൂള്‍ കല്ലറ സര്‍വീസ് സഹകരണബാങ്കിന്റെയും ആലപ്പുഴയിലെ സര്‍വോദയസംഘം കല്ലറ യൂണിറ്റിന്റെയും സഹായത്തോടെ മൂന്ന് തറികള്‍ സ്‌കൂളില്‍ സ്ഥാപിച്ച് 30 വിദ്യാര്‍ഥികള്‍ക്കുവീതം പരിശീലനം നല്‍കാനൊരുങ്ങുന്നത്. ഇതോടെ യൂണിഫോമിനുള്ള ഖാദിവസ്ത്രം സ്വയം നെയ്‌തെടുത്ത് ധരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാലയം പേരാണ് കല്ലറ സ്‌കൂളിനെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്കുള്ള യൂണീഫോം മാത്രമല്ല അവര്‍ നെയ്‌തെടുക്കുന്ന സാരിയും ഷര്‍ട്ടും മുണ്ടും ധരിച്ചായിരിക്കും അധ്യാപകരും ക്ലാസെടുക്കാനായി അടുത്തവര്‍ഷം എത്തുക.

ഇതിന്റെ തുടക്കമായി കല്ലറ സഹകരണബാങ്ക് അമ്പതിനായിരത്തിലധികം മുടക്കി സ്‌കൂളിലെ പ്രത്യേകമുറിയില്‍ നൂലും ഊടും പാവുമെല്ലാം സജ്ജീകരിച്ചിരിക്കുകയാണ്. വൈകീട്ട് നാലുമണിക്കുശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും സര്‍വോദയം കല്ലറ യൂണിറ്റിലെ പരിശീലകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഖാദിവസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഇവര്‍ക്ക് പ്രചോദനമായത്. യൂണിഫോമിന്റെ കളര്‍ ഏത് വേണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും സ്‌കൂള്‍അധികൃതര്‍ പറഞ്ഞു.