അന്ന് മികച്ച ബാലനടനുള്ള അവാര്‍ഡ് നേടി ഇന്ന് കഷ്ടപ്പാടില്‍ നീന്തിത്തുടിക്കുന്ന ഫോട്ടോഗ്രാഫറിലെ പഴയ കുട്ടി മണിക്ക് പ്രവാസലോകത്തു നിന്നും ജോലി വാഗ്ദാനം

single-img
14 November 2014

Mani Photographer Child actor2006ല്‍ ഫോട്ടോഗ്രാഫറിലൂടെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മണിയെ സര്‍ക്കാര്‍ കൈയൊഴിഞ്ഞുവെങ്കിലും പ്രവാസികള്‍ കൈകൊടുത്തു. റിയാദിലെ കോല്‍ക്കന്‍ ഗ്രൂപ്പ് കമ്പനി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കോട്ടക്കല്‍ സ്വദേശി ബാലഗോപാലാണ് എമണിക്ക് തൊഴിലും വിസവാഗ്ദാനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മണിയുടെ ഇപ്പോഴത്തെ കഷ്ടതകളെപ്പറ്റി വായിച്ചറിഞ്ഞ ബാലഗോപാല്‍ മണിക്കുള്ള തൊഴില്‍ വാഗ്ദാനവുമായി നാട്ടിലേക്ക് ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം വരെ മണിയെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ കഴിവിനും യോഗ്യതക്കും താല്‍പര്യത്തിനും അനുസരിച്ചുള്ള ഏതു ജോലിയും കമ്പനി നല്‍കാന്‍ തയ്യാറാണെന്നും ആദ്യ സിനിമയിലൂടെ തന്നെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ച പ്രതിഭയുടെ ഇപ്പോഴശത്ത ദയനീയ ജീവിതം മനസ്സില്‍ ദുഃഖമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിവിധ കമ്പനികളുള്ള വലിയ വ്യവസായ ഗ്രൂപ്പാണ് റിയാദിലെ കോല്‍ക്കന്‍ ഗ്രൂപ്.

കഴിഞ്ഞമാസം റോഡു പണിനടക്കുന്നതിനിടിയില്‍ മണി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് റോഡ് കോണ്‍ട്രാക്ടര്‍ മണിയെ പണി നിര്‍ത്തി പോകാന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇനി താന്‍ സിനിമാ നടനാണെന്ന് ആരെയും അറിയിക്കില്ലെന്നും അന്ന് മണി പറഞ്ഞിരുന്നു.

വയനാട് താത്തൂര്‍ കോളനി വാസിയായ മണി ചെറുബാലനായിരിക്കെയാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ‘ഫോട്ടോഗ്രാഫര്‍’ എന്ന സിനിമയിലാണ് മുഴുനീള റോളില്‍ അഭിനയിച്ചത്. ആ വര്‍ഷം മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.