മലയാളികള്‍ കാത്തിരുന്ന മഹാകാവ്യം എം.ടിയുടെ രണ്ടാമൂഴം അഭ്രപാളിയിലേക്ക്

single-img
13 November 2014

hqdefaultഭീമനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യ റായിയും അര്‍ജ്ജുനനായി വിക്രമും അഭിനയിച്ചുകൊണ്ട് എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു. എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഹരിഹരനല്ല. കല്യാണ്‍ ജ്യൂവലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം ചെയ്ത ശ്രീകുമാറാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകന്‍.

രണ്ട് പാര്‍ട്ടായി തിയേറ്ററുകളിലെത്തുന്ന രണ്ടാമൂഴം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലായാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയ്ക്കും ചിത്രത്തില്‍ വേഷമുണ്ട്. എം.ടി ചിത്രത്തിന്റെ തിരക്കഥ എഴുതി തുടങ്ങിയിട്ടുണ്ട്.

കെ.യു മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനവും സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ക്രോച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചിത്രത്തിന് വേണ്ടി ആക്ഷന്‍ കൈകാര്യം ചെയ്ത ചൈനീസ് സാങ്കേതിക വിദഗ്ദ്ധരാണ് രണ്ടാമൂഴത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക.

പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലമാണ് അടുത്ത വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ആദ്യ ഭാഗമായി പുറത്തു വരുന്നത്. ഇവര്‍ മുതിര്‍ന്ന കഥാപാത്രങ്ങളായി മാറിയ ശേഷമുള്ള കാര്യങ്ങളാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ആദ്യ ചിത്രമിറങ്ങി നാല്‍പ്പത്തിയൊന്നു ദിവസത്തിന് ശേഷമാണ് രണ്ടാം സിനിമ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതെന്നും അറിയുന്നു.