ജീവനോടെ മമ്മികളായി മാറുന്നു ജപ്പാനിലെ പുരോഹിതർ

single-img
13 November 2014

self mummyഈജിപ്റ്റിലേയും ചൈനയിലേയും മമ്മികളെ കുറിച്ച് ധാരളമായി പഠിച്ചിട്ടുള്ള നമുക്ക് ഇനി ജപ്പാനിലെ മമ്മികളെ കുറിച്ച് മനസിലാക്കാം. മറ്റു രണ്ട് സ്ഥലങ്ങളിലെ മമ്മികളിൽ നിന്നും വളരെ വ്യത്യസ്ഥരാണ് ജപ്പാനിലെ മമ്മികൾ.ജപ്പാനിലേത് ജീവനോടെ മമ്മിയായി മാറുകയാണ് ചെയ്യുന്നത്. ജപ്പാനിലെ ഒരു വിഭാഗം ബുദ്ധസന്യാസിമാര്‍ അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തിൽ അവിശ്വസനീയ രീതിയിൽ  മമ്മിയായി മാറാറുണ്ട്.

ജാപ്പനീസ് പുരോഹിതനായ കുകായ്‌ ആണ്‌ സ്വയം മമ്മിയാകലിന്റെ ആചാര്യന്‍. എ ഡി 835 ല്‍ കുകായുടെ മരണത്തോടെ സൊകുഷിന്‍ബുസ്‌തു എന്ന പേരില്‍ ഇത്‌ ഏറെ പ്രചാരം നേടിയിരുന്നു. മരിച്ചു വര്‍ഷങ്ങൾ കഴിഞ്ഞിട്ടും കുകായുടെ മൃതശരീരം കേടുപാടില്ലാതെ ഇരിക്കുകയാണ്. വളരെയധികം മനോനിയന്ത്രണവും ആത്മസമര്‍പ്പണവും വേണ്ടിവന്നിരുന്ന സ്വയം മമ്മിയാകല്‍ ഇപ്പോള്‍ ജപ്പാനില്‍ നിരോധിച്ചിരിക്കുകയാണ്‌.

സ്വയം മമ്മിയാകലിന്‌ ഏതാണ്ട് 2000 ദിവസത്തോളം കഠിന പരിശീലനം നടത്തേണ്ടതുണ്ട്. കഠിനമായ വ്യായാമത്തോടൊപ്പം ശരീരത്തിലെ കൊഴുപ്പിന്റെ അംശം ഒഴിവാക്കാനായിട്ട് പഴങ്ങളും കായ്‌കളും മാത്രമേ ഭക്ഷിയ്ക്കാവു. അടുത്ത 1000 ദിവസം മരത്തൊലിയും കിഴങ്ങുകളും മാത്രമേ ഭക്ഷിക്കു. പിന്നീട്‌ ശരീരദ്രവങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ പാനീയം കുടിക്കും. ഇത്‌ മരണ ശേഷം ശരീരം നശിപ്പിക്കുന്ന ബാക്‌ടീരിയകളെ ഇല്ലാതാക്കും.

ഇതിനു ശേഷം സന്ന്യാസി ആറ്‌ മാസത്തോളം കല്ലറയില്‍ ധ്യാനത്തിലിരിക്കും. വായു കടക്കാനുളള ചെറിയ വഴിയിട്ടശേഷം കല്ലറ മുറുക്കിയടയ്‌ക്കുകയാണ്‌ പതിവ്‌.  കല്ലറയില്‍ സ്‌ഥാപിച്ചിരിക്കുന്ന മണിയടിച്ചാണ്‌ താന്‍ ജീവനോടെയുണ്ടെന്ന്‌ സന്ന്യാസി മറ്റുളളവരെ അറിയിക്കുന്നത്‌. മണിശബ്‌ദം നിലയ്‌ക്കുന്നതോടെ മരണം ഉറപ്പാക്കും. പിന്നെ 1000 ദിവസം കഴിഞ്ഞാണ്‌ കല്ലറ തുറക്കുക.

കല്ലറ തുറക്കുമ്പോള്‍ സൊകുഷിന്‍ബുസ്‌തു എന്ന അവസ്‌ഥയിലെത്തുന്ന സന്ന്യാസിയെ ബുദ്ധനു സമാനമായി ആരാധിക്കുന്നതാണ്‌ രീതി. മൊത്തം നൂറ്‌ സന്ന്യാസിമാര്‍ സൊകുഷിന്‍ബുസ്‌തുവിനായി ശ്രമം നടത്തിയതിൽ  വെറും 28 പേര്‍ക്കു മാത്രമാണ്‌ വിജയിക്കാനായത്‌.