കശ്മീർ വ്യാജ ഏറ്റുമുട്ടൽ; കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

single-img
13 November 2014

armyദില്ലി: ജമ്മുകശ്മീരിലെ മച്ചിലില്‍ മൂന്ന് യുവാക്കള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇവര്‍ക്ക് സേനയില്‍ നിന്ന് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കാനും കോടതി വിധിച്ചു.

2010ലാണ് കരസേനയ്ക്ക് തിരിച്ചടിയായ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. ഷെഹ്സാദ് അഹമ്മദ്, റിയാസ് അഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവരെ പണവും ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സൈനികര്‍ കുപ്വാര മേഖലയില്‍ എത്തിക്കുകയും. പിന്നീട് നിയന്ത്രണ രേഖയ്ക്കടുത്ത് എത്തിച്ച ശേഷം മൂവരേയും വെടിവച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞു കയറിയവരെയാണ് വധിച്ചതെന്ന് ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ യുവാക്കളുടെ കുടുംബവും സംസ്ഥാന സര്‍ക്കാരും ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ കരസേന കേണലും ക്യാപ്റ്റനും ഉള്‍പ്പടെ എഴു പേര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.

ഇവരുടെ വിചാരണ സാധാരണ കോടതിയില്‍ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം എന്നാല്‍ കരസേന അംഗീകരിച്ചില്ല. ഏഴു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൈനിക കോടതി എല്ലാവര്‍ക്കും ജീവവപര്യന്തം തടവുശിക്ഷ വിധിച്ചു.