‘മാണിക്യം’ ഇനി ഗിന്നസ് ബുക്കിലേക്ക്

single-img
13 November 2014

cowകോഴിക്കോട്: വെച്ചൂര്‍ വര്‍ഗത്തില്‍പ്പെട്ട ഉയരംകുറഞ്ഞ പശു ‘മാണിക്യം’ ഇനി ഗിന്നസ് ബുക്കിലേക്ക്. പശുവിന്റെ ഉയരക്കുറവിന് ഔദ്യോഗിക അംഗീകാരം നല്‍കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ ലണ്ടനില്‍ നിന്ന് ഈ മാസം അവസാനം എത്തും.

ആറുവയസ്സ് പ്രായമുള്ള മാണിക്യത്തിന് 61.5 സെന്റിമീറ്റര്‍ ഉയരമാണുള്ളത്. നിലവില്‍ ഉയരക്കുറവുള്ള പശുവായി ഗിന്നസ് ബുക്ക് രേഖകളിലുള്ള ന്യൂയോര്‍ക്കിലെ സ്റ്റീഫന്‍ ഡാമൂറിന്റെ ഉടമസ്ഥതയിലുള്ള ‘ബ്ലേസി’ന് 69.07 സെന്റിമീറ്ററാണ് ഉയരം.  ന്യൂയോര്‍ക്കിലെ സ്റ്റീഫന്‍ ഡാമൂറിന്റെ ഉടമസ്ഥതയിലുള്ള 69.07 സെന്റിമീറ്റർ ഉയരമുള്ള ‘ബ്ലേസ്’ ആണ് നിലവില്‍ ഉയരക്കുറവുള്ള പശുവായി ഗിന്നസ് ബുക്ക് രേഖകളിലുള്ളത്.

മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയാണ് മാണിക്യത്തെ ചെറിയ പശുവായി അംഗീകരിച്ചത്. തുടർന്ന് ഉടമയായ ബാലകൃഷ്ണന്‍ ഗിന്നസ് റെക്കോഡ്‌സ് അധികൃതര്‍ക്ക് പശുവിന്റെ ഉയരമടങ്ങുന്ന രേഖകള്‍ അയച്ചുനല്‍കി. എട്ട് സെന്റിമീറ്ററോളം ഉയരവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കാൻ തീരുമാനിച്ചത്. നവംബര്‍ 22-നാണ് നാലംഗസംഘം കോഴിക്കോട്ട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വെച്ചൂര്‍ ഇനത്തില്‍പ്പെടുന്ന മാണിക്യത്തിന് അതേ വര്‍ഗത്തില്‍പ്പെട്ട മറ്റ് പശുക്കളേക്കാള്‍ ഉയരം കുറവാണ്. കാര്‍ഷികമേളകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് മാണിക്യം പ്രശസ്തയാകുന്നതുവരെ തൊഴുത്തില്‍കെട്ടുന്ന പതിവും ഇല്ലായിരുന്നു എന്ന് ബാലകൃഷ്ണന്‍ പറയുന്നു.

മാണിക്യത്തിനുപുറമേ  കാസര്‍കോട് കുള്ളന്‍, ചെറുവള്ളി പശു, പൊന്‍വാര്‍ പശു, കാന്‍കയം, കൃഷ്ണവാലി, മലനാട് ഗിഡ്ഡ, ഗീര്‍, ജവാരി, ഖിലാരി, പൊങ്കാന്നൂര്‍ തുടങ്ങി അപൂര്‍വ ജനുസ്സില്‍പ്പെടുന്ന 40-ഓളം പശുക്കള്‍ ബാലകൃഷ്ണനുണ്ട്.