കാന്‍സറാണെന്ന് സംശയത്തിൽ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തലശേരിയിൽ എത്തിയ ആളെ പോലീസ് രക്ഷിച്ചു

single-img
13 November 2014

suicideതലശേരി: കാന്‍സറാണെന്ന് സംശയത്തിൽ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തലശേരിയിൽ എത്തിയ ആളെ പോലീസ് രക്ഷിച്ചു. തൊണ്ടവേദന കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ നടത്തിയ തെറ്റായ രോഗനിര്‍ണയത്തെ തുടർന്നാണ് വടകര മേപ്പയ്യൂര്‍ സ്വദേശിയായ 55കാരൻ ആത്മഹത്യ ചെയ്യാൻ തലശേരിയിൽ എത്തിയത്. തക്കസമയത്തുള്ള പോലീസിന്റെ ഇടപെടലിൽ രക്ഷപ്പെട്ട ഇദ്ദേഹത്തിന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കാന്‍സറില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തൊണ്ടവേദനയെ തുടര്‍ന്ന് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഗൃഹനാഥനെ പരിശോധിച്ച ശേഷം തൊണ്ടക്ക് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.  കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഇദ്ദേഹം. വീട്ടുകാരോട് പറയാതെ സ്ഥലംവിട്ട് തലശേരിയിൽ എത്തി ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമം നടത്തിയങ്കിലും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ മുറി ലഭിച്ചില്ല.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാരന്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ജീവിതം അവസാനിപ്പിക്കാൻ തലശേരിയിൽ എത്തിയ വിവരം ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മറ്റ് രോഗങ്ങള്‍ പോലെ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ഇതിനായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സൗകര്യമുണ്ടെന്നും സൗജന്യ ചികിത്സയുള്‍പ്പെടെ ലഭ്യമാക്കാമെന്നും ബോധ്യപ്പെടുത്തിയ പോലീസ് ഇയാളെ നിര്‍ബന്ധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററിലേക്കയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് ഇയാള്‍ വീട്ടിലെത്തി മക്കളെ കണ്ട് കാര്യങ്ങള്‍ പറയുകയും കുടുംബമൊന്നിച്ച് തലശേരി പോലീസിനെ നന്ദിയറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ഇദ്ദേഹം മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ്.