കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

single-img
12 November 2014

gang-rape_കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തെട്ടുകാരനായ സഞ്ജീവ് മൂർത്തിയാണ് അറസ്റ്റിലായത്.

 

ഒക്ടോബർ 25ന് മൈസൂർ റോഡിലെ ഓംകാര ഹില്ലിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. തന്റെ സുഹൃത്തിനൊപ്പം ഇവിടെയെത്തിയതായിരുന്നു യുവതി. ആ സമയം സ്ഥലത്തുണ്ടായിരുന്ന സഞ്ജീവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. ഫോണിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായി.

 
സുഹൃത്തിനെ അടിച്ച് അവശനാക്കിയ മൂർത്തി പെൺകുട്ടി മിണ്ടാതിരുന്നില്ലെങ്കിൽ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ ബലാത്സംഗം ചെയ്ത ഇയാൾ അവളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഭയന്നു പോയ യുവതി വിവരം വീട്ടുകാരെ അറിയിക്കാതെ മറച്ചു വച്ചു.

 

എന്നാൽ തനിക്ക് പണം വേണമെന്നും ഇല്ലെങ്കിൽ ഫോട്ടോ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും മൂർത്തി യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി. ആദ്യം പെൺകുട്ടി അയാൾ ആവശ്യപ്പെട്ട പണം നൽകി.

 
എന്നാൽ വീണ്ടും പല തവണ ഇത് ആവർത്തിച്ചതോടെ അവർ വിവരം കുടുംബത്തിലുള്ള ഒരാളോട് പറയുകയായിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് പ്രോ കന്നട പ്രവർത്തകർ പെൺകുട്ടിയെ കെൻഗിരി പൊലീസിനടുത്ത് എത്തിച്ചു.

 

ഇവരിൽ നിന്നും പിടിച്ചു വാങ്ങിയ മൊബൈൽ സിഗ്നൽ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂർത്തിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ബലാത്സംഗം, പിടിച്ചുപറി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് കേസെടുത്തു.