എം.പിമാരുടെ പെന്‍ഷന്‍ പ്രതിമാസം 20000 രൂപയില്‍ നിന്നും 35000 രൂപയാക്കി ഉയര്‍ത്തും

single-img
12 November 2014

parliament1-300x231പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. എം.പി.മാരുടെ ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ മാസത്തില്‍ 20,000 രൂപയെന്നത് 35,000 രൂപയാക്കാനാണ് തീരുമാനം. കുടുംബപെന്‍ഷന് അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവയായ പെണ്‍മക്കള്‍, വിവാഹമോചനം നേടിയ പെണ്‍മക്കള്‍ എന്നിവരെ ഉള്‍പ്പെടുത്താനും പ്രത്യേക നിര്‍ദേശമുണ്ട്.

ഒരുവശത്ത് സര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കനടപടികള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് മറുവശത്ത് എം.പി.മാരുടെ ചുരുങ്ങിയ പെന്‍ഷനും പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ കണക്കാക്കിയുള്ള തുകയും ഉയര്‍ത്തുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രാലയം അംഗീകരിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

അഞ്ചുകൊല്ലത്തില്‍ കൂടുതല്‍ എം.പി.യായി സേവനമനുഷ്ഠിച്ചുവെങ്കില്‍ ഓരോ വര്‍ഷത്തിനും ഇപ്പോള്‍ നല്‍കിവരുന്ന പെന്‍ഷന്‍ 1500 രൂപയെന്നത് 2000 രൂപയാക്കും. അതായത് പത്തുവര്‍ഷം എം.പി.യായ ഒരാള്‍ക്ക് 35,000 രൂപ ചുരുങ്ങിയ പെന്‍ഷനും അഞ്ചുവര്‍ഷത്തേക്ക് 10,000 രൂപ അധികത്തുകയായും ലഭിക്കും. എം.പി. ആയി ഒറ്റദിവസം സേവനമനുഷ്ഠിച്ചാലും 35,000 രൂപ പെന്‍ഷന്‍ കിട്ടുമെന്നുള്ളതാണ് സത്യം.