പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിന് 12.36 ശതമാനം മണിട്രാന്‍സ്ഫര്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനം

single-img
12 November 2014

bankവിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി നാട്ടിലേക്ക് പണമയക്കാന്‍ ചെലവ് കൂടും. പ്രവാസികളുടെ പണം നാട്ടിലേക്ക് അയക്കുന്നതിന് വിവിധ മണി ട്രാന്‍സ്ഫര്‍ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍(എംടിഎസ്ഒ) ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് 12.36 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇപ്പോള്‍ വിവിധ മണി ട്രാന്‍സ്ഫര്‍ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍(എംടിഎസ്ഒ) ഏഴു ശതമാനം വരെ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുണ്ടെന്നും അത്തരത്തില്‍ അവര്‍ ഈടാക്കുന്ന ഈ സര്‍വീസ് ചാര്‍ജ് അഥവാ കമ്മീഷന് 12.36 ശതമാനം സേവനനികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ രഹസ്യനീക്കം. ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ പുതിയ ഉത്തരവ് നിലവില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരിന് അധികമായി നല്‍കേണ്ട സര്‍വീസ് ടാക്‌സ്, മണി ട്രാന്‍സ്ഫര്‍ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ നിര്‍ബന്ധിതരാകുകയും ഫലത്തില്‍ ബാങ്കുകള്‍ക്കും പണവിനിമയ ഏജന്‍സികള്‍ക്കും നിലവില്‍ നല്‍കുന്നതിനേക്കാള്‍ സര്‍വീസ് ചാര്‍ജ് നല്‍കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകും.

വിദേശ ഇന്ത്യക്കാരില്‍ നാട്ടിലേക്ക് പണം അയക്കുന്നതില്‍ മുന്നില്‍ മലയാളികളാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 90,000 കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്.