ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഗൗതമിനേയും അന്‍ഷിദയേയും അതിന് അനുവദിക്കില്ലെന്ന് മതമൗലികവാദികളുടെ ഭീഷണി; മതമൗലികവാദികളെ വെല്ലുവിളിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി വിവാഹസത്കാരം നടത്താന്‍ ഡി.വൈ.എഫ്.ഐ

single-img
12 November 2014

B1zpOeICYAAWGTMഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ മതമൗലികവാദികളും സദാചാരഗുണ്ടകളുടെയും ആക്രമണം ഭയന്ന് പത്ത് മാസത്തോളം ഒളിവില്‍ താമസിച്ച പാലേരി സ്വദേശി ഗൗതമിനും പന്തിരിക്കര സ്വദേശിനി അന്‍ഷിദയ്ക്കും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിവാഹസത്കാരം. പത്ത് മാസ വനവാസത്തിന് ശേഷം കഴിഞ്ഞ 8 ന് ആണ് ഇവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയബദ്ധരായിരുന്ന ഗൗതമിനും അന്‍ഷിദയ്ക്കുമാണ് വിവാഹം കഴിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് മതമൗലികവാദികളുടെ നേരിട്ടും അല്ലാതെയുമുള്ള ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. പത്ത് മാസത്തോളം ബാംഗ്ലൂരിലെ ഒളിത്താവളങ്ങളില്‍ കഴിഞ്ഞ അവര്‍ കൂട്ടുകാരായ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു. ഭീഷണികള്‍ക്കിടയില്‍ അവര്‍ തിരിച്ചെത്തുകയും വിവാഹിതരാകുകയും ചെയ്തു. ഇതിനിടയില്‍ അന്‍ഷിദയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയെങ്കിലും കോടതിക്ക് അന്വേഷണത്തില്‍ സത്യം ബോദ്ധ്യപ്പെട്ടതിനാല്‍ ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു.

പാലേരി എം.എല്‍.പി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററായ സുധാകരന്റെയും അതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഭാര്യ ജലജയുടെയും മകനാണ് ഗൗതം. ജാതി- മത- സമുദായ വിശ്വാസങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവര്‍ ഗൗതമിനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്റെ മകന് മതമില്ല എന്നു പറയാനുള്ള ആര്‍ജ്ജവവും കാണിച്ചിരുന്നു. ബി.ടെക്ക് പാസായ ഗൗതം ബാംഗ്ലൂരില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു. കാസര്‍കോട്ടെ പൊയിനാച്ചി ഡെന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍ഷിദാ. ഒളിവുജീവിതത്തിനിടയില്‍ ഗൗതമിന്റെ ജോലി നഷ്ടപ്പെടുകയും അന്‍ഷിദയുടെ പഠനം മുടങ്ങുകയും ചെയ്തിരുന്നു.

ഗൗതമിന്റെ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തെ തുറന്ന മനസ്സോടെ അംഗീകരിച്ചെങ്കിലും വര്‍ഗ്ഗീയവാദികളുടെ ഭീഷണി നാലുഭാഗത്തു നിന്നും ഉയരുകയായിരുന്നു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് അവര്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. അവര്‍ക്ക് സമൂഹത്തിലെ ക്വട്ടേഷന്‍- മണല്‍മാഫിയയുടെ സഹായവും കിട്ടിയിരുന്നു. ഇതിനിടയില്‍ വര്‍ഗ്ഗീയവാദികള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കള്ളക്കഥകളും ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ജനലും വാതിലുമെല്ലാം അക്രമികള്‍ തകര്‍ത്തിരുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഇവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് വര്‍ഗ്ഗീയവാദികളുടെ ശവല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഡി.വൈ.എഫ്.ഐ സമൂഹത്തെ ഒന്നാടങ്കം ക്ഷണിച്ച് വിപുലമായ രീതിയില്‍ ഇവരുടെ വിവാഹസത്കാരം നടത്താനൊരുങ്ങുന്നത്.