വലുതായിട്ടില്ലെങ്കിലും മാന്യമായി ജീവിക്കാനുള്ള പണം അദ്ദേഹം സമ്പാദിച്ചിട്ടാണ് ലോകം വിട്ടതെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജ

single-img
11 November 2014

Oduvilഅന്തരിച്ച പ്രശസ്ത നടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പത്മജ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു സ്വകാര്യ മലയാളം ചാനലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഇപ്പോള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഈ തെറ്റായിട്ടുള്ള വാര്‍ത്ത അനുഗ്രഹീത നടന്റെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ വേദനയും അപമാനവും ഉണ്ടാക്കിയെന്ന് ഒടുവില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സി.ആര്‍. സജീവ്, സെക്രട്ടറി കെ.ഇ. പത്മകുമാര്‍ എന്നിവര്‍ അറിയിച്ചു.

വലുതായിട്ടൊന്നും സിനിമയില്‍ നിന്നും ഒടുവില്‍ ഉണ്ടാക്കിയില്ലെങ്കിലും കുടുംബത്തിന് മാന്യമായി ജീവിക്കാനുള്ള പണം കലയിലൂടെ സമ്പാദിച്ചിട്ടാണ് ഭര്‍ത്താവ് ഈ ലോകം വിട്ടതെന്ന് പത്മജ പറഞ്ഞു. മൂത്തമകള്‍ പത്മിനി താമസിക്കുന്നത് കേരളശ്ശേരിയില്‍ അദ്ദേഹം പണിത വീട്ടിലാണ്. മാത്രമല്ല പത്മിനിയുടെ ഭര്‍ത്താവ് വിദേശത്തുമാണ്. ഇളയ മകള്‍ ശാലിനി കുടുംബമൊത്ത് തൃശ്ശൂരില്‍ കഴിയുകയാണെന്നും പത്മജ വെളിപ്പെടുത്തി.

കേരളശ്ശേരിയിലെ അങ്കരാത്ത് തറവാട്ടില്‍ അമ്മ പത്മിനിനേത്യാരുമൊത്താണ് പത്മജ താമസിക്കുന്നത്. മിലിട്ടറിയിലായിരുന്ന അച്ഛന്റെ പേരില്‍ അമ്മയ്ക്ക് 20,000 കുടുംബപെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് പത്മജ പറഞ്ഞു. കൂടാതെ രണ്ടേക്കര്‍ റബ്ബര്‍ എസ്‌റ്റേറ്റുമുണ്ട്.

ഭര്‍ത്താവ് രോഗബാധിതനായിരുന്നപ്പോള്‍ സിനിമാരംഗത്തെ പലരും സഹായിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ആരോടും സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. അതിനാല്‍ത്തന്നെ ഇങ്ങനെയൊരു വാര്‍ത്ത തീര്‍ത്തും തെറ്റാണ്. കേരളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷന്‍ എല്ലാകാര്യങ്ങളിലും കുടുംബത്തോട് സഹകരിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.