വൈദ്യുതി പോസ്റ്റുകളില്‍ അലുമിനിയം ക്ലാഡിങ് സ്ഥാപിച്ച് വൃത്തിയായി മാത്രമേ ഇനി പരസ്യം ചെയ്യാനാകൂ

single-img
11 November 2014

kപൊതു നിരത്തുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ ഇനി അലുമിനിയം ക്ലാഡിങ് സ്ഥാപിച്ച് വൃത്തിയായി മാത്രമേ പരസ്യം ചെയ്യാനാകൂ.

 
ഇതിനായി വൈദ്യുതി ബോര്‍ഡുമായി കരാറിലേര്‍പ്പെട്ട് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ ഉടന്‍ നീക്കാനും തീരുമാനിച്ചിട്ടുണ്ട്.

 
ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപകമായി നഗരസഭകളുടെ അനുമതിയില്ലാതെ വൈദ്യുതി കാലുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്ലൂക്‌സുകള്‍, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം ഉടന്‍ നീക്കും. പകരം കാലുകള്‍ക്ക് ചുറ്റിലും നിശ്ചിത വലുപ്പത്തില്‍ ക്ലാഡിങ് സ്ഥാപിച്ച് ആകര്‍ഷകമായി പെയിന്റ് ചെയ്ത് ക്ലീന്‍ കേരള കമ്പനി പരസ്യങ്ങള്‍ക്ക് നല്‍കും.

 

നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ സ്ഥാപിക്കുന്ന ഈ ബോര്‍ഡുകള്‍ക്ക് പരസ്യദാതാക്കളില്‍നിന്ന് ഫീസ് ഈടാക്കും. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പരിപാലനത്തിനുമുള്ള ചുമതല ഇനിമുതല്‍ ക്ലീന്‍ കേരള കമ്പനിക്കായിരിക്കും.
പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭകള്‍ക്കും വൈദ്യുതി വകുപ്പിനും നിശ്ചിത തുക ക്ലീന്‍ കേരള കമ്പനി നല്‍കും.

 

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പരസ്യനികുതി കഴിച്ച് വരുന്ന തുകയുടെ 20 ശതമാനമാണ് വൈദ്യുതി വകുപ്പിന് നല്‍കുക. നഗരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.