അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് മന്ത്രി കെ സി ജോസഫ്

single-img
11 November 2014

kc

അട്ടപ്പാടി: അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് മന്ത്രി കെ സി ജോസഫ്. പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടെന്നും  ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. എം പി അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രിമാരായ വി എസ് ശിവകുമാര്‍, എം കെ മുനീര്‍, പി കെ ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രണ്ടുകോടിരൂപ ആരോഗ്യവകുപ്പിന് അധികം അനുവദിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിതല സംഘം നടത്തിയിരുന്നു.

14 ശിശുമരണങ്ങളാണ് ഈവര്‍ഷം അട്ടപ്പാടിയില്‍ നടന്നത്. ശിശുമരണങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എം ബി രാജേഷ് എം പി അഗളി ഐ.ടി.ഡി.പി. ഓഫീസിനുമുന്നില്‍ നിരാഹാരസമരം നടത്തുകയാണ്. നിരഹാര സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറായത്.