ചികിത്സപ്പിഴവ്:ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നല്കണമെന്ന് സംസ്ഥാന ഉപഭോക്തൃഫോറം ഉത്തരവ്

single-img
10 November 2014

cചികിത്സപ്പിഴവ് വരുത്തിയെന്ന കുറ്റത്തിന് 10 വര്‍ഷം മുമ്പ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറും ആശുപത്രിയും ഇപ്പോള്‍ ഇരട്ടിയിലേറെ തുക നഷ്ടപരിഹാരം നല്കണമെന്ന് സംസ്ഥാന ഉപഭോക്തൃഫോറം ഉത്തരവിട്ടു. പലിശയുള്‍പ്പെടെ അഞ്ചുലക്ഷത്തില്‍പ്പരം രൂപ നല്കണമെന്നാണ് ഉത്തരവ്.

 

ന്യൂമാഹി പെരിങ്ങാടി വയലില്‍ കുനിയില്‍ വിനോദിന്റെ മകന്‍ നിഖിലി(14)നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നിഖിലിന്റെ അമ്മ ചിത്രലേഖ അഡ്വ. വിനോദ്കുമാര്‍ ചന്പളോന്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് വിധി. 2003 ഫിബ്രവരി 25 നാണ് സംഭവം.

 

വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ തെന്നിവീണ് അന്ന് നാലുവയസ്സുണ്ടായിരുന്ന നിഖിലിന്റെ കൈയെല്ല് പൊട്ടിയിരുന്നു. ആശുപത്രിയില്‍ ബാന്‍ഡേജ് ഇടുമ്പോള്‍ ഉണ്ടായ പിഴവില്‍ കൈക്ക് പഴുപ്പ് ബാധിച്ച് കൈമുറിക്കേണ്ട അവസ്ഥയുണ്ടായെങ്കിലും ഒരു സ്വകാര്യ ആസ്പത്രിയിലെത്തിച്ച് വിദഗ്ദചികിത്സ നല്കിയതിനാല്‍ രക്ഷപ്പെട്ടു.

 

രക്ഷിതാക്കളുടെ ഹര്‍ജിയില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനായിരുന്നു ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ വിധി. ചികിത്സ നല്‍കിയ ഡോ. ധനപാലും തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്കണമെന്നായിരുന്നു വിധി. കോടതിച്ചെലവ് 1500 രൂപ നഷ്ടപരിഹാരത്തിനുപുറമെ നല്കണമെന്നും ഉത്തരവുണ്ടായിരുന്നു.

 

എന്നാല്‍, ജില്ലാ ഫോറത്തിന്റെ വിധിക്കെതിരെ ആശുപത്രി അധികൃതരാണ് സംസ്ഥാന ഫോറത്തിന് അപ്പീല്‍ നല്കിയത്. പരാതി പരിശോധിച്ച സംസ്ഥാന ഫോറം ജില്ലാ ഫോറത്തിന്റെ വിധി ശരിവെച്ചു.