ജെ.എൻ.യുവിലെ ‘കിസ് ഓഫ് ലൗ’ പരിപാടിയിൽ ആർ.എസ്.എസിനും മോദിക്കുമെതിരെ പ്രതിഷേധം; സമരത്തിനു മുൻപ് എ.ബി.വി.പി പ്രവർത്തകർ കളം വിട്ടു

single-img
10 November 2014
Photo courtesy::Ijas Muhammed

Photo courtesy::Ijas Muhammed

ന്യൂ ഡെൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടത്തിയ കിസ് ഓഫ് ലൗ പരിപാടി സദാചാരപോലീസിനുള്ള തക്കീതായി മാറി. 200ഓളം വിദ്യാർത്ഥികളും നിരവധി പ്രതിഷേധക്കാരും ചേർന്ന് ഞായറാഴിച്ച വൈകുന്നേരം ആർ.എസ്.എസ് ആസ്ഥാനത്തിന് മുന്നിലാണ് സമരം അരങ്ങേറിയത്. ഹിന്ദു വലത് പക്ഷ ഗ്രൂപ്പുകളുടേയോ പോലീസിന്റെ ഭാഗത്ത് നിന്നോ യാതൊരു വിധത്തിലുള്ള എതിർപ്പുകളും സമരക്കാർക്ക് നേരിട്ടില്ല.

പ്രധാനമന്ത്രിക്കും ആർ.എസ്.എസിനും എതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയുണ്ടായി. ഇടത്പക്ഷ വിദ്യാർത്ഥിപ്രസ്ഥാനങ്ങളായ ഐസയും എസ്.എഫ്.ഐയുമാണ് സമരത്തിന് നേതൃത്വം നൽകിയത്. ഈ സ്നേഹചുംബനങ്ങൾ സംഘപരിവാറിന്റെ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമാണെന്ന് സമരക്കാർ പറയുന്നു.

സമരത്തിന്റെ പ്രാരംഭഘട്ടത്തിൽ എ.ബി.വി.പി പ്രവർത്തകർ സന്നിഹിതരായിരുന്നെങ്കിലും. സമരാനുകൂലികളുടെ പ്രസംഗവും മുദ്രാവാക്യങ്ങളും ആരംഭിച്ചപ്പോൾ തന്നെ എ.ബി.വി.പി പ്രവർത്തകർ കളം വിടുകയായിരുന്നു.

‘സ്നേഹം കൊണ്ട് ലോകത്തിന്റെ സർവ്വപ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് തങ്ങളും അംഗീകരിക്കുന്നു. എന്നാൽ ഏതു തരത്തിലുള്ള സ്നേഹമെന്ന് തിരിച്ചറിയണമെന്നും. പട്ടിണി, പോഷക കുറവ്, സ്ത്രീധനം, ദുരഭിമാനക്കൊല എന്നിവയൊക്കെയാണ് സ്നേഹം കൊണ്ട് പരിഹരിക്കപ്പെടേണ്ടതെന്ന്’ എ.ബി.വി.പി നേതാവ് അഭിപ്രായപ്പെട്ടു.