കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെച്ചു

single-img
8 November 2014

prകൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. സിപിഐയുമായി ഉണ്ടാക്കിയ മുന്‍ധാരണപ്രകാരം ആണ് മേയര്‍ സ്ഥാനം രാജി വെച്ചത്. ആര്‍എസ്​പി മുന്നണി വിട്ടതിനെത്തുടര്‍ന്നാണ്​ അവസാന ഒരു വര്‍ഷം മേയര്‍സ്ഥാനം സിപിഐക്ക്‌ നല്‍കാമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ടായത്​. എന്നാല്‍ ഇരുമുന്നണിക്കും 27 വീതം സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഐക്ക് പിഡിപി പിന്തുണ സ്വീകരിക്കേണ്ടി വരും.

 

കൊല്ലം നഗരസഭയില്‍ പിഡിപി കൗണ്‍സിലര്‍ കമാലുദീന്‍റെ പിന്തുണയോടെയാണ്​ എല്‍ഡിഎഫ്​ ഭരണം നടത്തുന്നത്​. ആര്‍എസ്​പി മുന്നണിവിട്ട സാഹചര്യത്തില്‍ അവസാന ഒരുവര്‍ഷം മേയര്‍ സ്ഥാനം നല്‍കാമെന്ന് എല്‍ഡിഎഫ്​ തീരുമാനിക്കുകയായിരുന്നു. നിലവിലെ മേയര്‍ രാജിസമര്‍പ്പിച്ചതിനാല്‍ പുതിയമേയര്‍ സ്ഥാനത്തേക്ക്‌ മ‍ത്സരം വേണ്ടി വരും. അതുകൊണ്ട് തന്നെ ഇരുമുന്നണികളിലും ചര്‍ച്ചകള്‍ സജീവമാണ്​. ആരോടും രാഷ്ട്രീയപരമായി അയിത്തമില്ലെന്നും പാര്‍ട്ടിതീരുമാനത്തിനൊപ്പം നില്‍ക്കുമെന്നുമാണ്​ പിഡിപി അംഗം കമാലുദീന്‍റെ നിലപാട്.​

 
എന്നാല്‍ ഭരണം അവസാനിക്കാന്‍ ഒരുകൊല്ലം മാത്രം ഉള്ളതിനാല്‍ മേയര്‍സ്ഥാനം ഏറ്റെടുക്കുന്നത്​ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നാണ്​ യുഡിഎഫില്‍ ഭൂരിപക്ഷത്തിന്‍റെയും നിലപാട്​. സിപിഐയില്‍ മേയര്‍ സ്ഥാനത്തേക്ക്‌ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്​ ഹണി ബെഞ്ചമിന്‍, പി കെ ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവരുടെ പേരുകളാണ്​. സിപിഐയിലെ വനിതാ കൗണ്‍സിലര്‍മാരില്‍ സീനിയര്‍ ഹണി ബെഞ്ചമിനാണ്​.