ചുംബനസമരത്തിന് തീ പിടിപ്പിച്ചവര്‍; മനോജും ഫാത്തിമയും അഥവാ അരുണ്‍ ജോര്‍ജ് കെ. ഡേവിഡും രഹിത രഘുനന്ദനും സംസാരിക്കുന്നു

single-img
8 November 2014

Arunnn

പി.എസ്. രതീഷ്‌

അരുണ്‍ ജോര്‍ജ്ജ് കെ. ഡേവിഡും രഹിത രഘുനന്ദനും. ഈ പേരുകള്‍ പറഞ്ഞാല്‍ ഒരുപക്ഷേ മലയാളികള്‍ക്ക് മനസ്സിലാകാന്‍ കുറച്ചു സമയമെടുക്കും. പക്ഷേ മനോജും ഫാത്തിമയും എന്നു പറഞ്ഞാല്‍ പെട്ടെന്ന് രണ്ടു മുഖങ്ങള്‍ മനസ്സിലേക്ക് കടന്നു വരും. മറൈന്‍ഡ്രൈവിലെ ജനസമുദ്രത്തിനുള്ളില്‍ നിന്നുകൊണ്ട് പരസ്പരം ചുംബനങ്ങള്‍ കൈമാറുന്നതും മുദ്രാവാക്യം വിളിക്കുന്നതും കുരുമുളക് സ്‌പ്രേ കണ്ണില്‍ വീണതിനെ തുടര്‍ന്ന് കണ്ണീര്‍ തുടയ്ക്കുന്നതുമായ രണ്ട്മൂന്ന് ചിത്രങ്ങളും അതിനൊപ്പം കയറി വരും. കോഴിക്കോട് ഡൗണ്‍ഠൗണ്‍ റെസ്‌റ്റോറന്റില്‍ നടന്ന സദാചാരപോലീസ് സംബ്രദായത്തിന്റെ ഫലമായി കേരളം മുഴുവന്‍ അലയടിച്ച വികാരത്തിന്റെ ബാക്കിപത്രമായ മറൈന്‍ഡ്രൈവിലെ ചുംബനസമരത്തിനിടയില്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെട്ട രണ്ട് ആണ്‍-പെണ്‍ മുഖങ്ങള്‍. പ്രമുഖ മാധ്യമങ്ങള്‍ അവര്‍ക്ക് മനോജെന്നും ഫാത്തിമയെന്നുമുള്ള രണ്ട് പേരുകളും ചാര്‍ത്തിക്കൊടുത്തു.

സമരക്കാരുടെ പത്തിരട്ടി പ്രതിരോധക്കാരും അമ്പതിരിട്ടി കാണികളും എത്തിയപ്പോള്‍ സമരത്തിന്റെ സ്ഥാനം ചരിത്രത്തിലേക്ക് വഴിമാറി. പിറ്റേ ദിവസത്തെ പ്രമുഖ മാധ്യമങ്ങളില്‍ ചുംബന സമരത്തിന്റെ ചിഹ്നങ്ങളായി ‘മനോജും ഫാത്തിമയും’ നിറഞ്ഞു നിന്നു. ചിത്രങ്ങളും അടിക്കുറിപ്പായി അതിലെ പേരുകളും കണ്ടവര്‍ക്ക് അതുമതിയാകുമായിരുന്നു, കഥകള്‍ മെനയാന്‍. സോഷ്യല്‍മീഡിയകള്‍ വഴി മനോജിന്റെയും ഫാത്തിമയുടെയും അന്യമത പ്രണയവും വിവാഹവും ലൗജിഹാദ്, എതിര്‍ ജിഹാദ് തുടങ്ങിയ കലാപരിപാടികളുടെ വിവരണങ്ങളും കൊണ്ട് ചിലര്‍ തങ്ങളുടെ സദാചാര വിശപ്പിന് ശമനം വരുത്തിയപ്പോള്‍ മറ്റുചിലര്‍ വ്യക്തിപരമായി ആക്രമിക്കുന്ന തയ്യാറെടുപ്പിലായിരുന്നു.

മാധ്യമങ്ങള്‍ തങ്ങള്‍ക്ക് വെച്ചുകെട്ടിക്കൊടുത്ത മനോജ്- ഫാത്തിമ എന്ന പേരിന്റെ മുഖംമൂടി പൊളിക്കാന്‍ അവസാനം അനുജോര്‍ജ്ജിനും രഹിതയ്ക്കും സോഷ്യല്‍ മീഡിയകളിലൂടെ നേരിട്ട് പ്രത്യക്ഷപ്പെടേണ്ടി വന്നു: ”ഞങ്ങള്‍ ഞങ്ങളാണ്, അല്ലാതെ അവരല്ലെ”ന്ന്. ഒരുകോളത്തിന്റെ മൂലയ്‌ക്കൊതുങ്ങുന്ന ചെറിയൊരു തിരുത്തുപോലത്തെ വാര്‍ത്തയും നല്‍കി മാധ്യമങ്ങള്‍ അവരുടെ ഭാഗവും മികച്ചതാക്കി. പക്ഷേ ഇതിനകത്തുള്ള യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് മാത്രം ആരും കടന്നില്ല.

ചുംബന സമരത്തിന്റെ ലക്ഷ്യം അഥവാ മാധ്യമങ്ങള്‍ മറന്ന കാര്യങ്ങളെപ്പറ്റി ചുംബനസമരത്തോടൊപ്പം മാധ്യങ്ങളില്‍ നിറഞ്ഞു നിന്ന ആ മനോജും ഫാത്തിമയും സംസാരിക്കുന്നു.

Arun Kiss

എങ്ങനെയാണ് നിങ്ങള്‍ ഈ ചുംബന സമരത്തിലേക്ക് എത്തിപ്പെട്ടത്?

യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് കിസ് ഓഫ് ലൗ എന്ന സംഘടനയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന ചുംബന സമരത്തെപ്പറ്റി ഞങ്ങളറിയുന്നത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ കിസ് ഓഫ് ലൗ എന്ന സംഘടനയുടെ പ്രവര്‍ത്തകരല്ല. പക്ഷേ ഇന്ന് സദാചാര പോലീസിംഗ് എന്ന പേരില്‍ നടക്കുന്ന കാടത്തങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഒരാവശ്യമായി കരുതുന്നവരാണ് ഞങ്ങള്‍. കോഴിക്കോട് ഡൗണ്‍ടൗണ്‍ റെസ്‌റ്റോറന്റിനെ സദാചാര പ്രശ്‌നം ഉന്നയിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ സമരം എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ ഇത് കുറച്ചുകൂടെ നേരത്തേ വേണ്ടിയിരുന്ന ഒന്നായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

ഒരു ആണും പെണ്ണും, അവര്‍ ആരുമായിക്കൊള്ളട്ടെ, റോഡിലൂടെ പോകുന്നതു കണ്ടാലോ, അല്ലെങ്കില്‍ അവിചാരിതമായി മറ്റെവിടെയെങ്കിലും വെച്ച് കണ്ടാലോ തുറിച്ചു നോക്കുന്ന കണ്ണുകളും ചോദ്യം ചെയ്യപ്പെടുന്ന സദാചാര ബോധവുമാണ് ഇന്നത്തെ കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ കൂടെ പോകുന്നത് അമ്മയോ സഹോദരിയോ ഭാര്യയോ ആയിരുന്നാലും അമ്മയ്ക്കും സഹോദരിക്കും തുല്യമായിട്ടുള്ള ആരെങ്കിലുമാണെങ്കിലും ചോദ്യം ചെയ്യപ്പെടുന്നവരുടെ മുന്നില്‍ തെളിവുകളും ഐഡന്റിറ്റികാര്‍ഡും സ്വന്തം വ്യക്തിത്വവുമൊക്കെ വെളിപ്പെടുത്തി സംസാരിക്കേണ്ടി വരുന്നൊരു അവസ്ഥ നമ്മുടെ പ്രബുദ്ധ മലയാളത്തിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നുള്ള യഥാര്‍ത്ഥ്യം വളരെ ഭീകരമാണ്.

ഒരിക്കല്‍ മേമ (വലിയമ്മ)യുമായി യാത്രചെയ്യുകയായിരുന്ന എന്റെ സുഹൃത്തിനു തന്നെ ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു. ഈ ഒരു ദുഷിച്ച കാഴ്ചപ്പാടിനെതിരെയാണ് ഞങ്ങള്‍ക്ക് പ്രതികരിക്കണമെന്ന് തോന്നിയത്. ഞങ്ങള്‍ അതു ചെയ്യുകയും ചെയ്തു.

നവംബര്‍ 2 ഞായറാഴ്ച മറൈന്‍ഡ്രൈവില്‍ വെച്ചാണ് നിങ്ങള്‍ സമരത്തില്‍ പങ്കെടുത്തത്. അവിടെ സമരം ചെയ്യാന്‍ വന്നവരേക്കാള്‍ പ്രതിരോധിക്കാന്‍ വന്നവരും കാഴ്ചക്കാരുമായിരുന്നു കൂടുതല്‍ പേരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അപ്പോള്‍ മറൈന്‍ഡ്രൈവില്‍ സമരം ചെയ്യാന്‍ വന്ന നിങ്ങളെപോലുള്ളവര്‍ക്ക് പിന്തുണ കുറവായിരുന്നോ?

kiss-of-love-fathima-manoj-kerala

ഒരിക്കലുമല്ല. കിസ് ഓഫ് ലൗ ഫേസ്ബുക്ക് പേജിലൂടെ സമരത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹം അറിയിക്കുകയും ബന്ധപ്പെടാന്‍ മൊബൈല്‍ നമ്പരും കൊടുത്തിരുന്നു. അതിന്‍ പ്രകാരം സമരത്തിന്റെ തലേദിവസം കിസ് ഓഫ് ലൗവിന്റെ സംഘാടകര്‍ ഞങ്ങളെ ബന്ധപ്പെട്ടു. ചുംബനസമരം മറൈന്‍ ഡ്രൈവിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരുപക്ഷേ പോലീസ് ഇടപെടലും പ്രതിഷേധവും വേദി മാറ്റാനിടയുണ്ടെന്നും സ്ഥലം പിറ്റേന്ന് രാവിലെ അറിയിക്കാമെന്നും അവര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞങ്ങളെ ബന്ധപ്പെട്ട സംഘാടകര്‍ വേദി ലോ കോളേജാണെന്നും സമയം 4.30 ആണെന്നും അറിയിച്ചു. അതിന്‍പ്രകാരം വൈകുന്നേരം ലോകോളേജിലേക്ക് ഞങ്ങള്‍ യാ്വത്ര തിരിച്ചെങ്കിലും ട്രാഫിക് ബ്ലോക്കും മറ്റുമായി കൃത്യ സമയത്ത് ഞങ്ങള്‍ക്ക് ലോകോളേജില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 15 മിനിട്ട് വൈകിയെത്തിയ ഞങ്ങള്‍ക്ക് സംഘാടകരേയും സമരക്കാരെയും കാണാന്‍ സാധിച്ചില്ല. ലോകോളേജിനു മുന്നില്‍ കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെമാത്രമേ കാണാന്‍ സാധിച്ചുള്ളു. അവിെട വെച്ച് ഞങ്ങള്‍ സംഘാടകരെ മൊബൈലില്‍ ബന്ധപ്പെട്ടപ്പോഴാണ് അവരെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിയുന്നത്.

എന്നാല്‍ അതു കാര്യമാക്കേണ്ടെന്നും നേരെ മറൈന്‍ഡ്രൈവിലേക്ക് പോയി സമരത്തില്‍ പങ്കെടുക്കണമെന്നുമുള്ള അവരുടെ ആവശ്യം അംഗീകരിച്ച് ഞങ്ങള്‍ നേരെ മറൈന്‍ഡ്രൈവിലേക്ക് പോയി. നിങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ അവിടെ പ്രതിഷേധക്കാരുടെയും കാണികളുടെയും അംഗസംഖ്യ വളരെ കൂടുതലായിരുന്നു. മറൈന്‍ഡ്രൈവിലേക്ക് എത്തിയ ഞങ്ങള്‍ ഇനിയെന്ത് എന്ന് കരുതി നില്‍ക്കുമ്പോഴാണ് ലോ കോളേജിലെ എന്റെ സുഹൃത്തുക്കളുടെ വരവ്. അവര്‍ പ്ലക്കാര്‍ഡും ബാനറും മറ്റു കാര്യങ്ങളും കവറിലും ബാഗിലുമായി ഒളിപ്പിച്ചായിരുന്നു അവിടെ എത്തിയത്.

അവര്‍ എത്തിയ ഉടന്‍തന്നെ ഞങ്ങള്‍ ഒരുമിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവക്യങ്ങളും വിളിച്ച് സമരം ആരംഭിക്കുകയായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ക്കെതിരെ ആരോ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചിരുന്നതൊഴിച്ചാല്‍ ഈ സമരത്തിലേക്ക് പ്രതിഷേധകരായ ബാഹ്യശക്തികളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നതായിരുന്നു വാസ്തവം. ചെറിയൊരു കൂട്ടമായിരുന്നു ഞങ്ങള്‍ നിന്നിടിത്ത് സമരക്കാരായി ഉണ്ടായിരുന്നതെങ്കിലും അത് ഈ പറയുന്ന സദാചാര പോലീസുകാരുടെയും യഥാര്‍ത്ഥ പോലീസുകാരുടെയും കണ്ണുകളെ വെട്ടിച്ചെത്തിയവരായിരുന്നുവെന്നുള്ളതാണ് സത്യം.

കിസ് ഓഫ് ലൗ എന്ന സംഘടന ഇതിനു മുമ്പ് ആരംഭിച്ച ഫേസ്ബുക്ക് പേജിന് 80000 ത്തോളം ലൈക്കുകള്‍ ഉണ്ടായിരുന്ന സമയമായിരുന്നു അത് (പിറ്റേന്ന് ആ പേജ് ഹാക്ക് ചെയ്യപ്പെട്ടു). അവരില്‍ പലരും മറൈന്‍ഡ്രൈവില്‍ എത്താന്‍ കഴിയാത്തവരും ആയിരുന്നു. എത്തിയവരില്‍ പലരേയും പോലീസുകാര്‍ അറസ്റ്റു ചെയ്തു. ചിലര്‍ ട്രാഫിക്കിനിടയില്‍ പെട്ടു. എന്നിരുന്നാലും ഞങ്ങളുടെ സമരം ശരിയായ സമയത്ത് ശരിയായ രീതിയില്‍ തന്നെ ചെയ്യാന്‍ കഴിയുകയും ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ പോസിറ്റീവ് വശം.

Kerala-kiss-of-love-photo-gallery

മാധ്യമശ്രദ്ധ ആകര്‍ഷിച്ചു എന്നുള്ളത് ശരിതന്നെ. പക്ഷേ പിറ്റേന്ന് അരുണിന്റെയും രഹിതയുടെയും പേര് പ്രമുഖ പത്രങ്ങളില്‍ അടിച്ചു വന്നത് മനോജെന്നും ഫാത്തിമയെന്നും പറഞ്ഞാണ്.

ആ ഒരു സംഭവം ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ കാര്യമാക്കുന്നില്ല. കാരണം ഞങ്ങള്‍ക്ക് ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തണമെന്നേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്നുള്ള വാര്‍ത്താ പ്രാധാന്യത്തെപ്പറ്റിയോ മറ്റൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം. പിറ്റേന്നത്തെ ദിനപത്രങ്ങളില്‍ വന്ന ചിത്രവും പേരുമാറിയുള്ള സംബോധനയും ആ ഒരു കാരണം കൊണ്ടുതന്നെ ഞങ്ങളെ ബാധിച്ചിരുന്നില്ല.

പക്ഷേ ഈ പേരുമാറ്റം ചിലര്‍ മറ്റുചില കാര്യങ്ങളിലേക്ക് വഴിമാറിയപ്പോഴാണ് ഞങ്ങള്‍ക്ക് ഇടപെടേണ്ടി വന്നത്. രഹിതയെ പേരുമാറി ഫാത്തിമയെന്ന് പത്രം വിളിച്ചപ്പോള്‍ ആ വിളിയില്‍ പത്രത്തിന് മറ്റെന്തോ ദുഷ്ടലാക്കുണ്ടായിരുന്നുവെന്ന തലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോയതാണ് തങ്ങളെ ഈ പ്രശ്‌നത്തിന്റെ ഇടയിലേക്ക് വരുത്തിയത്.

ഇക്കാര്യം അറിയിച്ചപ്പോള്‍ എന്തായിരുന്നു ആ പ്രമുഖ ദിനപത്രത്തിന്റെ പ്രതികരണം

നല്ല രീതിയില്‍ തന്നെയായിരുന്നു പ്രതികരണം. പേരു മാറിപ്പോയതാണെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ അവര്‍ക്കെതിരെ നടക്കുന്ന പ്രതികരണങ്ങളെകുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവരത് തിരുത്തുമെന്നും പറഞ്ഞതാണ്. പക്ഷേ പിറ്റേന്നത്തെ ദിനപത്രത്തില്‍ അവര്‍ ഇത് തങ്ങള്‍ക്ക് പറ്റിയ തെറ്റ് അല്ല എന്ന രീതിയില്‍ ഒരുകോളം വാര്‍ത്തയായി മൂലയ്‌ക്കൊതുക്കുകയായിരുന്നു.

ഈ സമരത്തിനോടുള്ള മാധ്യങ്ങളുടെ നിലപാടിനെപ്പറ്റി എന്താണ് അഭിപ്രായം?

Kiss-of-Love-Protesters

മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ യാതൊരു നിലപാടുമില്ലാത്തവരാണ്. അവര്‍ക്ക് വാര്‍ത്തകള്‍ മാത്രം മതി. കോഴിക്കോട് റെസ്‌റ്റോറന്റ് ആക്രമിച്ച സംഭവത്തില്‍ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്നുള്ളത് പ്രേക്ഷകരെ അറിയിക്കാതെ അനുകൂലികളെന്നും പ്രതികൂലികളെന്നുമുള്ള രണ്ടു വശം സൃഷ്ടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതേ രീതി തന്നെയായിരുന്നു ഈ സമരമുഖത്തും പ്രതിഫലിച്ചത്. ചെറിയ സംഭവമായിരുന്നാലും വലിയ സംഭവമായിരുന്നാലും അതില്‍ വാര്‍ത്തകളുണ്ടോ എന്നുമാത്രമേ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുള്ളു.

ചുംബനസമരം നടന്നതിന്റെ പിറ്റേന്ന് ദിനപത്രങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങള്‍ എന്ന നിലയില്‍ സമരത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ അതിനുശേഷമുണ്ടായോ?

ഇല്ല. ഒരു തരത്തിലുള്ള ഭീഷണിയും ഇതുസംബന്ധിച്ച് അതിനുശേഷം ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. അന്നുതന്നെ ചിലര്‍ പ്രചരിപ്പിച്ചത് ചുംബനസമരത്തിനിടിയ്ക്ക് ഞങ്ങളെ പോലീസ് അറസ്റ്റു ചെയ്തുവെന്നാണ്. എന്നാല്‍ ഒരിക്കലും ഇത് ശരിയല്ല. മറൈന്‍ഡ്രൈവിലെ സമരം കഴിഞ്ഞയുടന്‍ ഞങ്ങള്‍ സുരക്ഷിതരായി തിരിച്ചു വന്നിരുന്നു.

ഇനിയും ഇത്തരത്തിലുള്ള സമരപരിപാടികളുമായി സഹകരിക്കുമോ?

തീര്‍ച്ചയായും. ഞങ്ങള്‍ തുടങ്ങി വെച്ചിട്ടേയുള്ളു. യഥാര്‍ത്ഥത്തില്‍ അത് രാജ്യം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അക്കാര്യത്തില്‍ സന്തോഷമുണ്ട്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 14 നായിരുന്നു അരുണ്‍ ജോര്‍ജ് കെ. ഡേവിഡിന്റെയും രഹിത രഘുനന്ദന്റെയും വിവാഹം. കൊച്ചിയിലെ ഒരു സ്വകാര്യ ആഡ് ഏജന്‍സിയില്‍ ജോലിചെയ്യുന്ന അരുണ്‍ ‘മസാല റിപ്പബ്ലിക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.