സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത് പാകിസ്ഥാന് വേണ്ടി

single-img
8 November 2014

sachin-smileസച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത് പാകിസ്ഥാന് വേണ്ടി.  1989 ല്‍ പാകിസ്‌ഥാനെതിരേ ഇന്ത്യയ്‌ക്കായി അരങ്ങേറിയ സച്ചിന്‍ അതിനും രണ്ടു വര്‍ഷം മുമ്പ്‌ പാകിസ്‌ഥാന്‌ വേണ്ടിയാണ്‌ ആദ്യമായി കളത്തിലിറങ്ങിയത്. 1987 ല്‍ പാകിസ്‌ഥാന്റെ ഇന്ത്യ പര്യടന വേളയില്‍ നടന്ന ബെനിഫിറ്റ് മത്സരത്തിലാണ് സച്ചിൻ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയത്.

പ്‌ളേയിംഗ്‌ ഇറ്റ്‌ മൈ വേ എന്ന പുസ്‌തകത്തില്‍ ഈ രസകരമായ സംഭവം സച്ചിന്‍ ഓര്‍മ്മിക്കുന്നു. ക്രിക്കറ്റ്‌ ക്‌ളബ്ബ്‌ ഓഫ്‌ ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലി മത്സരത്തിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ജാവേദ്‌ മിയാന്‍ദാദും സ്‌പിന്നര്‍ അബ്‌ദുള്‍ഖാദിറും ലഞ്ചിനു പോയപ്പോഴാണ്‌ സച്ചിനെ പകരം ഫീല്‍ഡ്‌ ചെയ്യാന്‍ ഇമ്രാന്‍ഖാന്‍ അനുവദിച്ചത്‌.

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന്‌ കപില്‍ ദേവ്‌ സച്ചിന്‍ നില്‍ക്കുന്ന ഇടത്തേക്ക്‌ ഒരു പന്ത്‌ ഉയര്‍ത്തിയടിക്കുകയും ചെയ്‌തു. അത്‌ പിടിക്കാന്‍ താരം ഓടിയെങ്കിലും പന്ത്‌ സച്ചിനെ കടന്നുപോയി. ലോംഗ്‌ ഓണിലായിരുന്നു ഫീല്‍ഡ്‌ ചെയ്‌തിരുന്നതെങ്കില്‍ തനിക്ക്‌ ആ ക്യാച്ച്‌ എടുക്കാന്‍ കഴിയുമായിരുന്നെന്നാണ്‌ ഇക്കാര്യത്തില്‍ സച്ചിന്‍ മറ്റൊരാളോട്‌ അഭിപ്രായപ്പെട്ടത്‌.

താനായിരുന്നു ആ ഇന്ത്യാക്കാരനായ ഫീല്‍ഡറെന്ന്‌ ഇമ്രാന്‍ പോലും ഓര്‍മ്മിക്കുന്നുണ്ടാവില്ലെന്ന് സച്ചിന്‍ പറയുന്നു.