സകലകലാവല്ലഭന്‍ @ 60

single-img
7 November 2014

Kamal Hassan at Viswaroopam Audio Launch _15_ഇന്ത്യന്‍ സിനിമയിലെ ഉലകനായകന്‍ അഥവാ സകലകലാവല്ലഭന്‍ കമലഹാസന് ഇന്ന് അറുപതാം പിറന്നാള്‍. 1960ല്‍ വയസ്സില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ആദ്യ ചിത്രത്തില്‍ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച അഭിനയ പ്രതിഭയുടെ ചലച്ചിത്ര ജീവിതവും അമ്പത് വര്‍ഷം പിന്നിട്ടു.

നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 തവണ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ സ്വന്തമാക്കിയ കമലഹാസനെ 1990ല്‍ പത്മശ്രീയും 2014ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗായകന്‍, നൃത്ത സംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാള്‍കൂടിയാണ് പത്മശ്രീ കമലഹാസന്‍.

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉദയം. 1983ല്‍ ഇറങ്ങിയ മൂന്നാംപിറൈ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ആദ്യമായി അദ്ദേഹത്തിന് ലഭിച്ചു. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍, ഷങ്കറിന്റെ ഇന്ത്യന്‍, അവ്വൈ ഷണ്‍മുഖി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ എക്കാലത്തേയും മികച്ച നടന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തി. ഇതില്‍ നായകന്‍ എന്ന ചിത്രത്തെ ടൈം മാഗസിന്‍ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.