കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പുകഴ്ത്തിയും; താൻ ആർ.എസ്.എസുകാരനെന്ന് വിശേഷിപ്പിച്ച് കത്തയച്ച ആളെ നാഗ്പൂർ എൻ.ഐ.ടി ചെയർമാനായി നിയോഗിച്ചു

single-img
7 November 2014

smriti1കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മുതൽ കുരുക്കുകളിൽ പെടുന്ന സ്മൃതി ഇറാനി വീണ്ടു വിവാദത്തിൽ. സ്മൃതി ഇറാനിയെ പുകഴ്ത്തുകയും താൻ ആർ.എസ്.എസുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്ത ആളെ നാഗ്പൂർ എൻ.ഐ.ടിയുടെ ചെയർമാനായി നിയോഗിച്ച കേന്ദ്രമന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്മൃതി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിശ്രാം ജമാദർ എന്ന വ്യകതി മന്ത്രിക്ക് കത്തയക്കുന്നത്.

‘ താങ്കൾ നാഗ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ തന്റെ വീട്ടിലാണ് തങ്ങിയതെന്നും. താങ്കൾ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് അന്നു തന്നെ തനിക്കും തന്റെ കുടുംബത്തിനും മനസിലായെന്നും. താങ്കളുടെ കീഴിൽ എച്ച്.ആർ.ഡി മന്ത്രാലയം ചരിത്രനേട്ടം ഉണ്ടാക്കുമെന്ന് തങ്ങൾക്ക് എല്ലാവർക്കും ഉറപ്പുണ്ടെന്നും. താൻ ആർ.എസ്.എസിന്റെ സന്തത സഹചാരിയാണെന്നും തന്നെ നാഗ്പൂർ എൻ.ഐ.ടിയുടെ ചെയർമാനായി നിയോഗിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു’ എന്നും കത്തിൽ പറയുന്നു.

നാഗ്പൂർ എൻ.ഐ.ടിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്ന മറ്റു നാലു പേരെ തഴഞ്ഞ ശേഷമാണ് കേന്ദ്രമന്ത്രി ജമാദറിന്റെ പേരു മാത്രം രാഷ്ട്രപതിക്ക് അയക്കുന്നത്. തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സെപ്റ്റംബർ 15ന് ഇദ്ദേഹം നാഗ്പൂർ എൻ.ഐ.ടിയുടെ ചെയർമാനായി ചുമതല ഏൽക്കുകയും ചെയതു. രാജ്യത്തെ മറ്റു പ്രമുഖ ഐ.ഐ.ടികളുടേയും എൻ.ഐ.ടികളുടേയും ചെയർമാനെ നിയമിക്കാതെ നാഗ്പൂർ എൻ.ഐ.ടിയുടെ തലപ്പത്ത് ആളെ നിയമിച്ചത് ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

2007ലെ  എൻ.ഐ.ടി ആക്ട് അനുസരിച്ച് എച്ച്.ആർ.ഡി മന്ത്രി കുറഞ്ഞത് രണ്ട് പേരെയെങ്കിലും നോമിനിയായി അയക്കണമെന്നാണ്. തന്നെ പുകഴ്ത്തിയ വിശ്രാം ജമാദറിന്റെ പേരുമാത്രം അയച്ചതിലൂടെ ഇറാനി ഈ ആക്ട് ലംഘിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഈ സംഭവത്തെ കുറിച്ച് ഇതുവരക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിട്ടില്ല.