തന്റെ പ്രദേശത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ മടിക്കുന്നതിനെതിരെ വിവാഹസമരവുമായി ഷാജി പി. ജോസഫിന്റെ ഒറ്റയാള്‍ പോരാട്ടം

single-img
7 November 2014

shajiനില്‍പ്പ് സമരവും ചുംബനസമരവും തുടങ്ങി വ്യത്യസ്ഥമായ സമരമുറകള്‍ അരങ്ങേറുന്ന കേരളത്തില്‍ ഇതാ ഒരു പുത്തന്‍ സമരം കൂടി. വിവാഹസമരം. പെരിയാര്‍ തീരദേശവാസിയായ ഷാജിയാണ് വേറിട്ട സമരമാര്‍ഗ്ഗവുമായി എത്തിയിരിക്കുന്നത്.

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജി പി. ജോസഫ് കേരളത്തിലെ പെരിയാര്‍ തീരദേശവാസിയായതു കൊണ്ടു മാത്രം വിവാഹം മുടങ്ങിയ യുവാക്കളില്‍ ഒരാളാണ്. ആ ഒരു കാരണം കൊണ്ടുതന്നെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്ന് പരിഹരിക്കപ്പെടുന്നോ അന്നു മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചതും അത് വ്യത്യസ്ത പ്രതിഷേധമാക്കിയതും. പതിനാല് വര്‍ഷം മുമ്പാണ് ഷാജി പ്രസ്തുത തീരുമാനമെടുത്തത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പെണ്ണുകാണലില്‍ പെരിയാര്‍ തീരദേശവാസിയായതിനാല്‍ വിവാഹശേഷം പെരിയാര്‍ തീരത്തു നിന്നും മാറിതാമസിക്കണം എന്ന പെണ്‍വീട്ടുകാരുടെ നിര്‍ദ്ദേശത്തെ നിരാകരിച്ചു കൊണ്ടാണ് ഷാജി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഷാജിക്ക് ഇപ്പോള്‍ 38 വയസായ ഷാജി മുല്ലപ്പെരിയാര്‍ സമരസമിതിയുടെ വൈസ് ചെയര്‍മാനാണ്. പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മാതാവ് ഏലിയാമ്മയും ഷാജിയുമാണ് ഒരുമിച്ച് താമസിക്കുന്നത്. മൂന്ന് സഹോദരന്‍മാര്‍ ഉള്ളത് വിദേശത്താണ്. തമിഴ് ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് പുതിയ ഡാമും പുതിയ കരാറും എന്നതാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ മുദ്രാവാക്യം.