പ്രണയം മൊട്ടിട്ട കലാലയത്തിന്റെ ഇടനാഴികളെ സാക്ഷി നിര്‍ത്തി മതങ്ങളുടെ വേലിതകര്‍ത്ത് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നിയാസും ആരതിയും ഒന്നിച്ചു

single-img
7 November 2014

Niyasനിയാസും ആരതിയും ഒന്നിച്ചു- പ്രണയം മൊട്ടിട്ട കലാലയത്തിന്റെ ഇടനാഴികളെ സാക്ഷി നിര്‍ത്തി മതങ്ങളുടെ വേലിതകര്‍ത്ത് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിഎംഎസ് കോളജിലെ സുവോളജി ബിരുദ വിദ്യാര്‍ഥികളായിരുന്ന നിയാസ് മുഹമ്മദിന്റെയും ആരതിയുടെയും വിവാഹമാണ് ഇന്നലെ അതേ കോളേജിലെ ഗ്രേറ്റ് ഹാളില്‍ നടന്നത്. തങ്ങള്‍ പ്രണയം തുടങ്ങിയ കലാലയത്തില്‍വച്ചുതന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ലളിതമായ രീതിയില്‍ ഒരുമിക്കാനായതിന്റെ സന്തോഷത്തിന്റെ നിര്‍വൃതിയിലാണ് ഇരുവരും.

അന്ന് കോളേജ് തെരഞ്ഞെടുപ്പില്‍ എസ്.എഫ.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നിയാസിനെ ആരതിയായിരുന്നു നാമനിര്‍ദേശപത്രികയില്‍ പിന്താങ്ങിയത്. അന്ന് മൊട്ടിട്ട പ്രണയത്തിനാണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കലാലയത്തെ സാക്ഷിയാക്കി അവര്‍ ഒന്നു ചര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ നിയാസിന്റെ വിജയത്തിനായി ആരതിയും മുന്നിട്ടിറങ്ങുകയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. പ്രണയമുണ്ടായിരുന്നെങ്കിലും ഏറെ നാള്‍ കോളജ് രാഷ്ട്രീയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിനുശേഷമാണു നിയാസ് തന്റെ പ്രണയം ആരതിയെ അറിയിച്ചത്.

ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. സിപിഎം ജില്ലാസെക്രട്ടറി കെ.ജെ. തോമസാണ് ഇരുവര്‍ക്കും ഹാരം എടുത്തു നല്‍കിയത്. പിന്നീട് ഇരുവരും പരസ്പരം ഹാരമണിയിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു.

കോട്ടയം പ്രസ് ക്ലബില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമയും എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും നിയമ ബിരുദവും നേടിയ നിയാസ് ഇപ്പോള്‍ കോട്ടയം ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കുന്നു.