പ്ലാസ്റ്റിക്കും ഒഴിവാകും പുസ്തകവും വായിക്കാം; ആലപ്പുഴയില്‍ ഇനി പ്ലാസ്റ്റിക് കൊടുത്താല്‍ പുസ്തകം ലഭിക്കും

single-img
7 November 2014

1506015_441917722615973_8344464736914219643_nഒരുവെടിക്ക് രണ്ടുപക്ഷി ലക്ഷ്യമാണ് ആലപ്പുഴ നഗരസഭയുടെ നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്‍മ്മര്‍ജ്ജനം ചെയ്യാം, വയനാശീലം വളര്‍ത്തുകയും ചെയ്യാം.

ആലപ്പുഴ മാലിന്യവിമുക്തമാക്കാനുള്ള നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പ്ലാസ്റ്റിക് വെറുതെയല്ല ശേഖരിക്കുന്നത്. പ്ലാസ്റ്റികിന് പകരം കുട്ടികള്‍ക്ക് പുസ്തകം നല്‍കിയാണ് നഗരസഭ ഈ യജ്ഞം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

വീടുകളിലോ സമീപ ഭവനങ്ങളിലോ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി കുട്ടികള്‍ സ്‌കൂളില്‍ എത്തിച്ചാല്‍ അത് തൂക്കി നോക്കി അളവിന് ആവശ്യമായ തുകയ്ക്കുള്ള കൂപ്പണുകള്‍ അവര്‍ക്ക് ലഭിക്കും. ഈ കൂപ്പണ്‍ നഗരത്തിലെ പുസ്തകശാലകളില്‍ എത്തിച്ചാല്‍ ആ തുകയ്ക്കുള്ള പുസ്തകം അവിടെ നിന്നും ലഭിക്കുകയും ചെയ്യും. ഇത്തരത്തിലാണ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം സ്‌കൂളുകളില്‍ നഗരസഭ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

സ്‌കൂളിലെ വാട്‌സാന്‍ ക്ലബ് അംഗങ്ങളും നഗരസഭ ജീവനക്കാരും ചേര്‍ന്നാണ് പ്ലാസ്റ്റിക് സംഭരിക്കുന്നത്. സംഭരിക്കപ്പെടുന്ന പ്ലാസ്റ്റിക് ഏറ്റെടുക്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനവുമായി നഗരസഭ കരാര്‍ ആയിട്ടുണ്ട്. പാല്‍കവര്‍, മീന്‍ കവര്‍ അങ്ങിനെ എന്തും ഇതുവഴി കഴുകി വൃത്തിയാക്കി സ്‌കൂളില്‍ എത്തിക്കാമെന്നും നഗരസഭ അധികൃതര്‍ പറയുന്നു.

ഈ പദ്ധതിയുടെ ഉദ്ഘാടനം വരുന്ന 17 ന് നടത്തുമെന്ന് ആലപ്പുഴ നഗരസഭ അറിയിച്ചു. പുസ്തക കൂപ്പണുകള്‍ക്കുള്ള ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പുവഴി കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.