ബസ് ഫീസ് നൽകാത്തതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു

single-img
6 November 2014

panishmentമുക്കം: സ്‌കൂള്‍ ബസിന്റെ ഫീസ് അടക്കാത്ത എട്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. മര്‍ദനമേറ്റ കൊടിയത്തൂര്‍ സ്വദേശി ആഷിക് റഹ്മാന്‍(12) മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ചയാണ് അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂള്‍ ബസിന്റെ ഫീസ് നല്‍കാത്തതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ അടുത്തദിവസം നല്‍കാമെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വിദ്യാര്‍ഥിയുടെ നെഞ്ചിലും മറ്റും ചവിട്ടിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഇവന്‍ ഫീസ് നല്‍കാത്തവനാണെന്ന് പറഞ്ഞ് മറ്റു ക്ലാസുകളിലും സ്റ്റാഫ് റൂമിലും വിദ്യാര്‍ഥിയെ കൊണ്ടുപോയി പരിഹസിച്ചതായും പരാതിയുണ്ട്. ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുക്കം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.